വേനലിലെ പൊള്ളുന്ന ചൂടില്‍ നിന്ന് മണ്‍സൂണ്‍ കാലം നമുക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ ഈ സീസണില്‍ തലയോട്ടിയുടെയും മുടിയുടെയും പ്രശ്‌നങ്ങളും വര്‍ധിപ്പിക്കാനുളള സാധ്യത ഏറെയാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നത് വഴി മുടിയുടെയും തലയോട്ടിയുടെയും ചര്‍മ്മത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മഴക്കാലത്ത് തികച്ചും വെല്ലുവിളിയാണ് മുടിയുടെ സംരക്ഷണം. ഇത് മൂലം മുടി പരുപരുത്തതും, അലങ്കോലവുമാകുകയും, മുടി കൊഴിച്ചിലിനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ് പലരും നേരിടുന്ന പ്രധാന പ്രശ്‌നം. മഴക്കാലത്ത് മുടിയില്‍ താരന്‍ വര്‍ധിക്കുന്നതാണ് വലിയ പ്രശ്‌നം.
തലയോട്ടിയിലെ ഏതെങ്കിലും തരത്തിലുള്ള അമിതമായ ഈര്‍പ്പം ഫംഗസിന്റെ പ്രജനന കേന്ദ്രമായി മാറുന്നു. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്ത് ഹെയര്‍ ഓയിലുകളുടെയും ഹെയര്‍ ജെല്ലുകളുടെയും ഉപയോഗം തലയോട്ടിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുകയും താരന്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ സെബാസിയസ് ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണമയമുള്ള പദാര്‍ത്ഥമാണ് സെബം, ഈര്‍പ്പമുള്ള സാഹചര്യത്തില്‍ തലയോട്ടിയില്‍ വളരെ എളുപ്പത്തില്‍ ഇത് ശേഖരിക്കപ്പെടും. പ്രജനനത്തിനായി സൂക്ഷ്മാണുക്കള്‍ ഈ സെബം ഭക്ഷിക്കുന്നു, ഇത് മഴക്കാലത്ത് താരന്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
താരന്‍ മാറാനായി നമ്മുടെ ബ്യൂട്ടിപാര്‍ലറുകളില്‍ നിരവധി ട്രീറ്റ്‌മെന്റ്‌സുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്‌ക്കൊക്കെ വലിയ തുക നല്‍കേണ്ടി വരും. എന്നാല്‍ കാശ് ചിലവ് ഒന്നും ഇല്ലാതെ വീട്ടില്‍ തന്നെ താരന്‍ മാറ്റാനായി ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. ഏതൊക്കെയാണ് അവ എന്ന് നമുക്ക് പരിചയപ്പെടാം;
- നാരങ്ങ നീര്
മുടി അഴകിന് ഏറെ പ്രധാനിയാണ് നാരങ്ങ നീര്. മുടിയുടെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഇത് വളരെയധികം സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. നാരങ്ങ നീരും വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം മുടിയില്‍ പുരട്ടുന്നത് താരന്‍ അകറ്റാന്‍ ഏറെ സഹായിക്കും. കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഇത് പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്.
- ടീ ട്രീ ഓയില്‍
മുടിയിലെ താരന്‍ മാറ്റാന്‍ സഹായിക്കുന്ന ഒരു നല്ല വഴിയാണ് ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത്. ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയില്‍ ഗുണങ്ങളുള്ളതാണ് ടീ ട്രീ ഓയില്‍. ഇത് താരന്‍ മാറ്റാന്‍ സഹായിക്കും. തലയില്‍ പുരട്ടാന്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണയോ അല്ലെങ്കില്‍ ഒലീവ് ഓയിലിലോ രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിലും ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ നന്നായി മസാജ് ചെയ്യുക. ഇത് താരന്‍ മാറ്റാന്‍ ഏറെ സഹായിക്കും.
- ഉലുവ
മുടിയിലെ താരന്‍ മാറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഉലുവ. താരനെ പൂര്‍ണമായി കളയാനും മുടി വേഗത്തില്‍ വളരാനും ഉലുവ സഹായിക്കും. ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ്, വൈറ്റമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ ഉള്ളതിനാല്‍ വളരെ പെട്ടെന്ന് തന്നെ ഇത് താരനെ ചെറുക്കും. തൈരില്‍ തലേ ദിവസം കുതിര്‍ത്ത വച്ച ഉലുവ നന്നായി അരച്ച് എടുക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.
താരന്‍ വരാതിരിക്കാന്‍ ചില കരുതലുകള്‍ നമുക്കെടുക്കാവുന്നതാണ്. ഒരു പരിധി വരെ ഇത് താരനില്‍ നിന്ന് രക്ഷ നേടാന്‍ സഹായകമായേക്കും;
മഴക്കാലത്ത്, ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും മുടി നന്നായി കഴുകുക. ഇതിന് വീര്യം കുറഞ്ഞ ഷാമ്പൂകള്‍ ഉപയോഗിക്കാം. അതുപോലെ താരനകറ്റാന്‍ വേണ്ടിയുള്ള ഷാമ്പൂകള്‍ ലഭ്യമാണ്. അത്തരത്തിലുള്ളവയും പരീക്ഷിക്കാം. ഷാമ്പൂവിട്ട് മുടി കഴുകുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണയെടുത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കണം. തലയോട്ടി, നല്ലപോലെ ഒന്ന് തണുത്തതിന് ശേഷം മാത്രം തല നനയ്ക്കുക. തലയോട്ടിയിലെ ചര്‍മ്മം വരണ്ടതാക്കി മാറ്റുന്ന തരത്തിലുള്ള ഷാമ്പൂകള്‍ ഉപയോഗിക്കരുത്. ഇത് താരന്‍ ശല്യം വീണ്ടും വര്‍ധിപ്പിക്കാനേ ഉപകരിക്കൂ.