ഇംഫാൽ: കലാപബാധിതമായ മണിപ്പുർ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. മണിപ്പുരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച രാഹുൽ ദുരിതബാധിതരുമായി സംസാരിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറിന് അദ്ദേഹം രാജ്ഭവനിലെത്തി ഗവര്‍ണറെ കാണുമെന്നാണ് വിവരം. കലാപം ആരംഭിച്ച് ഇത് മൂന്നാം വട്ടമാണ് രാഹുലിന്റെ സന്ദർശനം.
പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യമണിപ്പൂർ സന്ദർശനമായിരുന്നു. രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. ചുരാചന്ദ്പൂർ, മൊയ്റാങ്, എന്നിവിടങ്ങളിലെ കുക്കി -മെയ്തെയ് ക്യാമ്പുകളും രാഹുൽ ഗാന്ധി സന്ദർശിച്ചു.
ക്യാമ്പുകളിൽ കഴിയുന്നവരുമായി രാഹുൽ സംഭവിച്ചു. വൈകിട്ട് ഗവർണറുമായി കൂടിക്കാഴ്ച നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലൽ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പമുണ്ടായിരിന്നു.
അതേസമയം, മണിപ്പൂരിലെ ജിരിബാമിൽ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ അക്രമികൾ വെടിവെച്ചു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ രണ്ടുപേർ പൊലീസ് പിടിയിലായി. മണിപ്പൂരിലെ ജിരിബാമിൽ പൊലീസ് ഔട്ട്പോസ്റ്റിനു നേരെയും വെടിവെപ്പ് ഉണ്ടായി.