ഇന്ത്യയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലുമുള്ള ആളുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് തൈര്. തൈര് ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ ഊണു മേശയില്‍ എത്താറുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള ഒരു വിഭവമാണ് തൈര് സാദം കേര്‍ഡ് റൈസ്. വളരെ കുറഞ്ഞ സമയം കൊണ്ടും വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ടും തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്. തൈര് ഇഷ്ടമല്ലാത്തവര്‍ക്ക് പോലും ഈ വിഭവം തീര്‍ച്ചയായും ഇഷ്ടപ്പെടും. കുടലിന്റെ ആരോഗ്യത്തിന് പുറമേ ശരീരത്തെ തണുപ്പിക്കുന്ന ഒരു ആശ്വാസകരമായ ഭക്ഷണം കൂടിയാണ് തൈര് സാദം. അച്ചാറിന്റെയും വീട്ടില്‍ ഉള്ള കറികളുടെയും പപ്പടത്തിന്റെയും ഒക്കെ കൂടെ തൈര് ചോറ് കഴിക്കാവുന്നതാണ്.
തൈര് സാദം തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകള്‍:
- പച്ചരി – 1/2 കപ്പ്
- വെള്ളം – 2 കപ്പ്
- പാല്‍ – 1/2 കപ്പ്
- തൈര് – 1.5 കപ്പ്
- ഉഴുന്ന് പരിപ്പ് – 1 ടീ സ്പൂണ്‍
- കടുക് – 1/2 ടീ സ്പൂണ്‍
- വറ്റല്‍ മുളക് – 2
- കായപ്പൊടി – 1/4 ടീ സ്പൂണ്‍
- ഇഞ്ചി – 2 ടീ സ്പൂണ്‍
- പച്ചമുളക് – 1
- മല്ലിയില- കുറച്ച്
- കറിവേപ്പില – കുറച്ച്
- എണ്ണ – 2 ടീ സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- വറുത്ത അണ്ടിപ്പരിപ്പ് – 6-8
- മാതള അല്ലി – 1 ടേബിള്‍ സ്പൂണ്‍
ഇനി തൈര് സാദം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം;
അരി നല്ലതുപോലെ കഴുകിയശേഷം 20 മിനിറ്റ് കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം വെള്ളം ഊറ്റി, അരി കുക്കറില്‍ ഇട്ട് 2 കപ്പ് വെള്ളം ഒഴിച്ച് നാലു മുതല്‍ അഞ്ച് വിസില്‍ വരുന്നതുവരെ വേവിക്കുക. ചോറ് നന്നായി ഇളക്കി കുഴഞ്ഞ പാകത്തില്‍ ആക്കുക.
ശേഷം ഇതിലേക്ക് അരക്കപ്പ് പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. ചോറ് നല്ലതുപോലെ തണുത്തതിനുശേഷം ഒരു മിക്‌സിങ് ബൗളിലേക്ക് മാറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നില ചേര്‍ത്ത് ഇളക്കുക. ശേഷം ഒന്നര കപ്പ് തൈരും, പാകത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും നല്ല പോലെ യോജിപ്പിക്കുക.
താളിക്കാന്‍ ഒരു ചെറിയ പാനില്‍ 2 ടീസ്പൂണ്‍ എണ്ണ ചൂടാക്കുക. അതിലേക്ക് ഉഴുന്നുപരിപ്പ്, കടുക്, വറ്റല്‍ മുളക്, കറിവേപ്പില, കായപ്പൊടി എന്നിവ ചേര്‍ത്ത് വറുത്തശേഷം തയാറാക്കിയ ചോറില്‍ ചേര്‍ത്തു യോജിപ്പിക്കുക. സ്വാദിഷ്ടമായ തൈര് സാദം തയാര്‍. പാത്രത്തിലേക്ക് വിളമ്പുന്നതിന് മുമ്പ് വറുത്ത അണ്ടിപ്പരിപ്പ്, മാതള അല്ലി എന്നിവ അലങ്കാരത്തിനും പ്രത്യേക രുചിക്കുമായി ചേര്‍ക്കാവുന്നതാണ്.