ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ. ബാബുവിന്റെ വിജയം ശരിവച്ച ഹൈക്കോടതി വിധി മികച്ചതെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതായിരുന്നു നിരീക്ഷണം.
എന്നാല്‍ വിധിയുടെ ആദ്യ 50 പേജ് വരെയേ മികച്ചത് എന്നുപറയാന്‍ കഴിയുകയുള്ളുവെന്ന് എം. സ്വരാജിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ അഭിപ്രായപ്പെട്ടു. ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കെ. ബാബുവിന് നോട്ടീസ് അയച്ചു.
ഹൈകോടതി വിധി പൂർണമായി വായിച്ചെന്നും അതിൽ എന്താണ് പിഴവെന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. മികച്ച വിധിയാണ് ഹൈകോടതി പുറപ്പെടുവിച്ചത്. വിധി എഴുതിയ ജഡ്ജിയെ അഭിനന്ദിക്കുന്നു. ഹൈകോടതി വിധിയിൽ തെറ്റായി എഴുതിയ ഒരു പാരഗ്രാഫ് എങ്കിലും കാണിച്ചുതരാൻ കഴിയുമോ എന്നും ജഡ്ജി ചോദിച്ചു.
അതേസമയം, വിധി മികച്ചതാണെന്ന അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നുവെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, ആ യോജിപ്പ് ആദ്യ 50 പേജിൽ ഒതുങ്ങും. ഹൈകോടതി വിധിയിൽ അംഗീകരിച്ച ഭാഗം പരിശോധിച്ചാൽ പോലും അവ ജനപ്രാതിനിധ്യ നിയമത്തിന് എതിരാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.