ഇംഫാൽ: കലാപബാധിതമായ മണിപ്പുരിലെ ജനങ്ങളെ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമയം കണ്ടെത്തണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. അത് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും. മണിപ്പുരിനെ ശാന്തമാക്കുന്ന ഏത് നടപടിയേയും പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
മണിപ്പൂരിലെ ജനതയ്ക്ക് പറയാനുള്ളത് എന്താണെന്ന് പ്രധാനമന്ത്രി കേൾക്കണം. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജനങ്ങളുടെ വേദനയും ആശങ്കകളും പ്രധാനമന്ത്രി കേൾക്കണം ആയിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ മണിപ്പൂർ ജനതയ്ക്ക് ആത്മവിശ്വാസം ഉണ്ടാകുമായിരുന്നു. മണിപ്പൂരിൽ സംഭവിക്കുന്നത് പ്രധാനമന്ത്രി നേരിട്ട് എത്തി മനസിലാക്കണം. സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഏത് തീരുമാനത്തിന് ഒപ്പവും താനും കോൺഗ്രസ് പാർട്ടിയും നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിലുള്ള അതൃപ്തി മണിപ്പൂര്‍ ഗവര്‍ണറെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ തുടങ്ങിയ ശേഷം മൂന്നാം തവണയാണ് താൻ മണിപ്പൂരിൽ വരുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ചു. ജനങ്ങളോട് സംസാരിച്ചു. ഇത്തവണ താൻ മണിപ്പൂരിൽ വന്നത് ജനങ്ങളെ കേൾക്കാനും അവരിൽ ആത്മവിശ്വാസം വളർത്താനുമാണ്. മണിപ്പൂര്‍ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സര്‍ക്കാരിന് മേൽ സമ്മര്‍ദ്ദം ശക്തമാക്കും. ഇന്ത്യയിലെവിടെയും ഇതുപോലെ സാഹചര്യം കണ്ടിട്ടില്ല. താൻ മണിപ്പൂരിലെത്തിയത് ജനങ്ങളുടെ സഹോദരനായാണ്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കോൺഗ്രസ് പാർട്ടി എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സാഹചര്യത്തിലുള്ള അതൃപ്തി ഗവർണറെ അറിയിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു. എപ്പോഴൊക്കെ താനിവിടെ വരേണ്ടതുണ്ടോ അപ്പോഴൊക്കെ ഇവിടെ വരും, ജനങ്ങളെ കേൾക്കും. രാജ്യസ്നേഹികളെന്ന് സ്വയം കരുതുന്ന കേന്ദ്ര സർക്കാർ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യമണിപ്പൂർ സന്ദർശനമായിരുന്നു ഇത്. രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. ചുരാചന്ദ്പൂർ, മൊയ്റാങ്, എന്നിവിടങ്ങളിലെ കുക്കി -മെയ്തെയ് ക്യാമ്പുകളും രാഹുൽ ഗാന്ധി സന്ദർശിച്ചു.