മോസ്കോ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിൽ. മോസ്കോയിലെ വ്‌നുക്കോവോ-II അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് സ്വീകരിച്ചു. റഷ്യൻ പ്രസിഡന്റെ വ്ലാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തിയത്. റഷ്യ-യുകെയ്ൻ യുദ്ധം ഉടലെടുത്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.
വ്ലാഡിമിർ പുടിനുമായി ഉഭകക്ഷി ചർച്ചകൾ നടക്കുമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട അദ്ദേഹം വൈകിട്ട് 5.10-ഓടെയാണ് മോസ്‌കോയിലെത്തിയത്. ചൊവ്വാഴ്ച മോസ്‌കോയില്‍ നടക്കുന്ന 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് മുന്നോടിയായി പുതിന്‍ ഇന്ന് മോദിക്ക് അത്താഴവിരുന്ന് നല്‍കും.
റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍, ഡെനിസ് മന്‍ടുറോവാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. പിന്നീട് ഹോട്ടലിലെത്തിയ മോദിയെ റഷ്യയിലെ ഇന്ത്യന്‍ സമൂഹം സ്വീകരിച്ചു. പ്രതിരോധം, നിക്ഷേപം, ഊർജ സഹകരണം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യും. ലോകരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ഇരുവരുടെയും അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുമെന്നാണ് വിവരം.
രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനു ശേഷം ജൂലൈ 9,10 തീയതികളില്‍ അദ്ദേഹം ഓസ്ട്രിയയും സന്ദര്‍ശിക്കും. 1983-ല്‍ ഇന്ദിരാ ഗാന്ധി സന്ദര്‍ശിച്ചതിന് ശേഷം ഇതാദ്യമായാണ് മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.