Kerala

വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് പരാതി; കുസാറ്റ് സിൻഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

കൊച്ചി: വിദ്യാർത്ഥിയെ കടന്നുപിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സിൻഡിക്കേറ്റ് അംഗത്തിനെതിരെ കേസ്. ഇടത് നേതാവ് കൂടിയായ പി കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.

2024 ജനുവരിയിലാണ് കുസാറ്റിൽ കലോത്സവം നടന്നത്. ഇതിനിടെ ബേബി പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, പെൺകുട്ടിയോട് മോശമായി പെരുമാറി എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളത്.

തുടക്കത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകാൻ തയാറായിരുന്നില്ല. കോളേജ് വി.സി.യെ സമീപിക്കുകയായിരുന്നു. വി.സിയെ സമീപിച്ചതോടെ കോളേജിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി വഴി ആഭ്യന്തര അന്വേഷണം നടത്താൻ തീരുമാനിച്ചു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞമാസമാണ് പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.

കുസാറ്റ് സ്റ്റുഡന്റ്സ് വെൽഫെയർ ഡയറക്ടർ കൂടിയാണ് പി കെ ബേബി. കളമശ്ശേരി പൊലീസ് കേസെടുത്തി‌ട്ടുണ്ട്.