Novel

പ്രണയ മഴ/ഭാഗം 7/pranayamazha part 7

പ്രണയ മഴ

 

ഭാഗം 7

 

 

“അഭിയേട്ടൻ ഒന്ന് പുറത്ത് നിൽക്കാമോ.. പ്ലീസ്…”ഗൗരി ചോദിച്ചതും മിടിക്കുന്ന ഹൃദയത്തോടെ അവൻ വെളിയിലേക്ക് ഇറങ്ങി.

 

 

ഗൗരി……

 

 

“മ്മ്….”

 

 

“പറയെടി…. നിനക്ക്… നിനക്ക് എന്റെ ഏട്ടനെ ഇഷ്ടം അല്ലെ…”

 

 

“ഇഷ്ടം ആണ്…. ഒരുപാട് ഇഷ്ടം.

 

നന്ദുവിന്റെ കണ്ണുകൾ തിളങ്ങി.

 

 

പക്ഷെ നന്ദു…ഞാൻ…. ഞാൻ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല….

 

 

നന്ദു പകച്ചു നിന്നു..

 

 

“ഗൗരി… നീ… നിനക്ക് എന്റെ ഏട്ടനെ ഇഷ്ടം ആകും എന്ന് ആണ് ഞാൻ കരുതിയത്….”

 

 

“ഇഷ്ടം ആണ്… പക്ഷെ… എനിക്ക് എന്റെ ഒരു ഏട്ടന്റെ സ്ഥാനം ഒള്ളു.. അല്ലാതെ വേറെ ഒരു രീതിയിൽ ഞാൻ അഭിയേട്ടനെ കണ്ടിട്ടില്ല…”

 

ഉള്ളിലെ വിങ്ങൽ അവൾ മറച്ചു വെച്ചു.

 

 

“ആയിക്കോട്ടെ… പക്ഷെ ഇനി അങ്ങനെ ആവണം എന്ന് ഇല്ലാലോ…. നിന്നെ അഭിയേട്ടന്റെ അമ്മയ്ക്കും ദേവു നും ഒക്കെ ഒരുപാട് ഇഷ്ടം ആയി…”

 

 

“ഹേയ്.. അത് ഒന്നും ശരിയാകില്ല…. വേണ്ടടി…. നീ ഇനി ഈ കാര്യം എന്നോട് സംസാരിക്കരുത്.. പ്ലീസ്…”

 

“എടി… ഞാൻ ഇനി ഇത് ചോദിക്കില്ല.. പക്ഷെ ഒരു കാര്യം…. നീ ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തു ആണ് എങ്കിൽ…. എടി ഏട്ടൻ അത് ഒക്കെ മറന്ന് കൊണ്ട് ആണ് നിന്നെ….”

 

“നന്ദു…. ഞാൻ പറഞ്ഞില്ലേ… നമ്മൾക്ക് ഈ വിഷയം വിടാം… എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ട…. നീ പൊയ്ക്കോ… നമ്മൾക്ക് പിന്നെ കാണാം…”

അതും പറഞ്ഞു കൊണ്ട് ഗൗരി നന്ദുന്റെ കവിളിൽ ഒരു മുത്തം കൊടുത്ത്.

 

 

ഒരുപാട് പ്രതീക്ഷയും ആയി ആണ് വന്നത്. പക്ഷെ ഒന്നും നടക്കില്ല എന്ന് നന്ദുന് മനസിലായി.

 

 

അവൾ ഗൗരിയോട് യാത്ര പറഞ്ഞു ഇറങ്ങി.

 

 

സീത മുറിയിലേക്ക് കയറി വന്നു..

 

അല്പം മുൻപ് നന്ദുന് കുടിക്കാനായി വെള്ളം ആയിട്ട് മുറിയുടെ വാതിൽക്കൽ എത്തിയത് ആയിരുന്നു സീത. അപ്പോൾ ആണ് അവരുടെ സംസാരം കേട്ടത്..

 

 

മോളെ….. സീത മകളുടെ അടുത്തേക്ക് വന്നു ഇരുന്നു.

 

 

“നിങ്ങൾ പറഞ്ഞത് എല്ലാം അമ്മ കേട്ടു.അമ്മ പറയുന്നത് കൊണ്ട് മോൾ ഒന്നും ഓർക്കരുത്… അഭിഷേക് നല്ല ഒരു പയ്യൻ ആണ്. നിന്നെ അവൻ പൊന്നു പോലെ നോക്കും. നീ ഈ വിവാഹത്തിന് സമ്മതിക്കണം… എല്ലാം അറിഞ്ഞു കൊണ്ട് വന്നവൻ ആണ് ആ കുട്ടി”

 

ഗൗരി യുടെ മറുപടി ക്കായി അവർ അവളെ നോക്കി.

 

“ഇല്ല അമ്മേ… ഒരിക്കലും ഇല്ല… അഭിയേട്ടൻ നല്ല ഒരു മനുഷ്യൻ ആണ് എന്ന് എനിക്ക് അറിയാം.. പക്ഷെ… പക്ഷെ… എനിക്ക് വേണ്ട.. എനിക്ക് ഈ ജീവിതത്തിൽ ഒരു വിവഹം ഇനി വേണ്ട അമ്മേ….”ഉറച്ച വാക്കുകൾ ആയിരുന്നു അവളുടേത്.

 

 

മോളെ… നീ.. നീ എന്തൊക്ക ആണ് ഈ പറയുന്നത്…. നിനക്ക് ഒരു കുടുംബം വേണ്ടേ… കുട്ടികൾ വേണ്ടേ…നിന്നെ ഉത്തരവാദിത്തം ഉള്ള ഒരു ചെറുപ്പക്കാരനെ ഏൽപ്പിച്ചാൽ അല്ലെ ഞങ്ങൾക്ക് സമാധാനം ആകുക ഒള്ളൂ… അതിന് പകരം നീ ഇങ്ങനെ ഒക്കെ പറഞ്ഞു ഞങ്ങളെ വിഷമിപ്പിക്കുക ആണോ ചെയുന്നത്.

 

 

“അമ്മേ… ദയവ് ചെയ്തു എനിക്ക് ഇത്തിരി മനസമാധാനം തരുമോ.. ഞാൻ ആകെ തകർന്ന് ഇരിക്കുക ആണ്… എല്ലാവരും കൂടെ എന്നെ എന്തിനാണ് ഇങ്ങനെ…”

 

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു…

 

 

സീത അവളെ വാത്സല്യത്തോടെ ചേർത്തു പിടിച്ചു.

 

 

“മോളെ…..”അവരും മകളുടെ ഒപ്പം കരഞ്ഞു.

 

 

എന്റെ കുട്ടി സങ്കടപെടരുത്… നിനക്ക് ഈ അമ്മയും അച്ഛനും ഉണ്ട് മോളെ…

അവർ അവളുടെ നെറുകയിൽ മുത്തം കൊടുത്തിട്ട് മിഴികൾ തുടച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

 

 

ഗൗരി അവളുടെ ബുക്സ് എല്ലാം അടുക്കി വെച്ചിരിക്കുന്ന മേശമേൽ നോക്കി.

 

 

കാർമുകിൽ വർണ്ണന്റെ ഒരു വിഗ്രഹം അവിടെ ഉണ്ട്..

 

 

ഇന്ന് വരെ കണ്ണന്റെ മുന്നിൽ താൻ കരഞ്ഞിട്ടില്ല.. ഒരു സങ്കടം പോലും പറയേണ്ട അവസ്ഥ ഉണ്ടായിട്ടില്ല..

 

 

പക്ഷെ….ഇന്ന്

 

 

അവൾ കണ്ണന്റെ മുന്നിൽ ഇരിന്നു വിങ്ങി പൊട്ടി കരഞ്ഞു..

 

 

എന്തിനാ ഭഗവാനെ എന്നെ ഇത്രയും പരീക്ഷിക്കുന്നത്… ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്…

 

അഭിയേട്ടനെ മോഹിച്ചോ താൻ… മോഹിപ്പിക്കുക ആണ് ചെയ്തത്… അവസാനം എല്ലാം…. അവൾ വിങ്ങി കരഞ്ഞു..

 

 

കണ്ണന്റെ പാദത്തിൽ മുഖം ചേർത്തു അവൾ കുറെ സമയം ഇരുന്നു..

 

 

ഹരിശങ്കർ….. അവന്റെ മുഖം അവൾ ഓർത്തു.

 

മൂന്ന് വർഷം മുൻപ് കാവിലെ പൂരത്തിന് ആണ് താൻ അയാളെ കണ്ടത്..

 

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുകളിൽ ഇരിക്കുന്നു..

 

 

ആരോ പറഞ്ഞു അത് മേലെടത്തെ ആന ആണ് എന്ന്. മേലെടത്തെ ഗോപിനാഥ മേനോന്റെ ഇളയ പുത്രൻ ആണ് അത്.. ആരോ ചൂണ്ടിയപ്പോൾ ആണ് താനും നോക്കിയത്..

 

 

ആരെയും കൂടാതെ അവൻ അങ്ങനെ ഇരിക്കുക ആണ്.

 

 

അപ്പോൾ ലക്ഷ്മി ചേച്ചി പറഞ്ഞു ചേച്ചിടെ സീനിയർ ആയിരുന്നു. നന്നായിട്ട് പഠിക്കുകയും പാട്ട് പാടുകയും ഒക്കെ ചെയ്യും എന്ന്.. തനിക്ക് ഒരു ആരാധന തോന്നാനും മാത്രം ഒന്നും ഇല്ല.. പക്ഷെ പിന്നീട് ഇടയ്ക്ക് ഒക്കെ അമ്പലത്തിൽ വെച്ച് കാണും എങ്കിലും അയാൾ തന്നെ മൈൻഡ് ചെയ്യാറ് പോലും ഇല്ലായിരുന്നു..

 

കുറെ നാളുകൾക്ക് ശേഷം ആണ് ഇന്ന് വീണ്ടും കണ്ടത്..

 

പരിചയം വെച്ച് ആണ് കാറിൽ കയറിയത്.

 

പക്ഷെ തന്നോട് മോശം ആയി പെരുമാറും എന്ന് സ്വപ്നത്തിൽ പോലും താൻ കരുതിയില്ല..

 

 

അവന്റെ രക്തം ഒലിച്ചു ഇറങ്ങുന്ന മുഖം ഓർത്തപ്പോൾ അവൾക്ക് പേടി തോന്നി..

 

 

അന്ന് ഗൗരി മുറിക്കുള്ളിൽ തന്നെ ഇരുന്നു..

 

നാളെ കാലത്തെ അമ്പലത്തിൽ ഒന്ന് പോകണം.. എല്ലാം അമ്മയോട് പറഞ്ഞു പ്രാർത്ഥിക്കണം.. അവൾ തീരുമാനിച്ചു.

 

മനസ് ആകെ മരവിച്ച പോലെ ആണ്. എല്ലാത്തിൽ നിന്നും ഒരു മോചനം വേണം..

 

************

മേലെടത്തു തറവാട്.

 

ജാനകി അമ്മയുടെയും പരേതനായ ശങ്കർ മേനോന്റെയും മൂത്ത മകൻ ആണ് ഗോപിനാഥ മേനോൻ.

ഗോപിനാഥ മേനോനും ശ്രീദേവിക്കും മൂന്ന് ആണ്മക്കൾ ആണ്. മൂത്ത ആൾ കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു ശങ്കർ

രണ്ടാമൻ ഉണ്ണി എന്ന് വിളിക്കുന്ന ദേവദത്ത് മൂന്നാമത്തെ ആൾ ആണ് ഹരി ശങ്കർ.. ഇവർക്കു ഒരു അനിയത്തി ആണ് ഉള്ളത് അമ്മാളു എന്ന് വിളിക്കുന്ന കൃഷ്‌ണേന്ദു. ആൺകുട്ടികൾ എല്ലാവരും അച്ഛനെ ബിസിനസ്‌ il സഹായിക്കണം എന്നായിരുന്നു ഗോപിനാഥ്‌ന്റെ ആഗ്രഹം. പക്ഷെ രണ്ടാമൻ ഉണ്ണിക്ക് ഡോക്ടർ ആകാൻ ആയിരുന്നു ഇഷ്ടം. അവൻ ഡോക്ടർ ആണ്. ഭാര്യ രേണുവും. അവർ എറണാകുളത്തു സെറ്റിൽഡ് ആണ്. മൂത്ത ആൾ കണ്ണനും ഹരിയും അച്ഛന്റെ കൂടെ ആണ്. ഇളയ മകൾ അമ്മാളു എം ബി എ ചെയുന്നു.

 

 

ഹരി…… സമയം 7മണി ആയിരിക്കുന്നു.. ഇവൻ ഇത് വരെ ഉണർന്നില്ലേ….

 

 

ശ്രീദേവി… ഇന്നലെ അവൻ ഇത്തിരി വൈകി ആണ് വന്നത്. കെ എം കെ യും ആയിട്ട് ഉള്ള കോൺട്രാക്ട് ഒപ്പ് വെച്ച ദിവസം അല്ലായിരുന്നോ. ഗോപിനാഥമേനോൻ ഭാര്യയോട് പറഞ്ഞു.

 

 

നീലിമേ….. കുഞ്ഞു എന്ത്യേ… അയാൾ അകത്തേക്ക് വിളിച്ചു ചോദിച്ചു.

 

മൂത്ത മകൻ കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു ന്റെ ഭാര്യ ആണ് നീലിമ. അവർക്ക് ഒന്നര വയസ് ഉള്ള ഒരു കുഞ്ഞും ഉണ്ട്. എല്ലാവരുടേയും കണ്ണിലുണ്ണി ആയ ദെച്ചു എന്ന് വിളിപ്പേര് ഉള്ള ദക്ഷകുട്ടി.

 

 

അവൾ കുഞ്ഞിനെ എടുത്ത് കൊണ്ട് അച്ഛന്റെ അടുത്തേക്ക് വന്നു.

 

 

അയാളെ കണ്ടതും കുഞ്ഞ് കൈകാൽ ഇട്ടു അടിക്കാൻ തുടങ്ങി.

 

 

“ആഹ്ഹ നോക്കിക്കേ അച്ചാച്ചനോട് ദെച്ചു വാവക്ക് ഉള്ള സ്നേഹം….. ഞങ്ങളെ ആരെയും വേണ്ട അല്ലെ….”മുകളിൽ നിന്നു സ്റ്റെപ്സ് ഇറങ്ങി വരുന്ന ഹരിയെ എല്ലാവരും നോക്കി.

 

 

കുളി ഒക്കെ കഴിഞ്ഞു ഭസ്മം ധരിച്ചു കൊണ്ട് അവൻ വരുന്നത്. കഴുത്തിലെ രുദ്രാക്ഷമല ഇളകി ആടുന്നുണ്ട്. ക്രീം കളർ കുർത്തയും കടവ് മുണ്ടും ഉടുത്തു കൊണ്ട് അവൻ ഇറങ്ങി വരുന്നത് നോക്കി നിൽക്കുക ആണ് ദെച്ചു..

 

 

“ആഹ്… ചെറിയച്ഛന്റെ പൊന്ന് ഇങ്ങു വന്നെ….. ഒന്ന് എടുക്കട്ടേ…”അവൻ കുഞ്ഞിനെ എടുത്തു മുകളിലേക്ക് ഉയർത്തി.. കുഞ്ഞ് കുടു കുടെ ചിരിക്കുക ആണ്.

 

അത് കണ്ടു എല്ലാവരും ചിരിച്ചു.

 

 

,”ആഹ് അമ്മയും മുത്തശ്ശയും റെഡി ആയോ….എന്നാൽ നമ്മൾക്ക് അമ്പലത്തിൽ പോയേക്കാം “അവൻ കുഞ്ഞിനെ തിരികെ കൊടുത്തു കൊണ്ട് പറഞ്ഞു.

 

. അപ്പോളേക്കും ജാനകിഅമ്മ മുറിയിൽ നിന്ന് ഇറങ്ങി വന്നു..

 

മുത്തശ്ശി… പോകാം….

 

ഹരി വണ്ടി എടുക്കാനായി ഇറങ്ങി.

 

 

മൂവരും കൂടെ അമ്പലത്തിലേക്ക് പുറപ്പെട്ടു.

 

അര മണിക്കൂർ കാണും അമ്പലത്തിലേക്ക് ഉള്ള യാത്ര.

 

ഓരോ നാട്ടു വർത്തമാനം ഒക്കെ പറഞ്ഞു ഇരിക്കുക ആണ് അവർ.

 

ഹരിയുടെ ഇന്നലെ നടന്ന സംഭവങ്ങൾ ഒന്നും അവർ അറിഞ്ഞില്ല എന്ന് അവനു മനസിലായി.

 

ആരെങ്കിലും താമസിയാതെ പറഞ്ഞു അറിയും എന്ന് അവനു ഉറപ്പ് ഉണ്ടായിരുന്നു.

 

തുടരും