ഊട്ടി…കുന്നുകളും മലകളും തേയിലത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഒക്കെ ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന സുന്ദര നഗരം..ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്ന ഒരായിരം കാര്യങ്ങൾ ഇവിടെയുണ്ട് . എങ്കിലും ദിൽസേ സിനിമയിലെ “ഛയ്യ ഛയ്യാ..” എന്ന പാട്ടു കണ്ടതു മുതൽ പലരുടെയും മനസ്സിൽ കയറിക്കൂടിയതാണ് ഊട്ടി ട്രെയിൻ എന്നു വിളിക്കുന്ന നീലഗിരി മൗണ്ടൻ റെയിൽവേ. യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ റെയിൽവേ റൂട്ടിന് ഒത്തിരി സവിശേഷകൾ ഉണ്ട്. റാക്ക് റെയിൽവേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപാതയാണ് ഇത്. പതിനേഴാം നൂറ്റാണ്ടിലാണ് നീലഗിരി മലയോര തീവണ്ടിപ്പാതയുടെ ചരിത്രം ആംരഭിക്കുന്നതെങ്കിലും പിന്നെയും പതിറ്റാണ്ടുകളെടുത്തിട്ടാണ് ഇത് യാഥാർഥ്യമാവുന്നത്.
ഈ പാതയുടെ വീതി 1 വലിപ്പത്തിൽ മീറ്റർ ഗേജ് ആണ്. മേട്ടുപ്പാളയത്തിനും കുന്നൂരിനും ഇടക്ക് തീവണ്ടി റാക് സിസ്റ്റം ഉപയോഗിച്ചാണ് ഓടുന്നത്. ഇവിടത്തെ റാക്ക് സിസ്റ്റം ആൾട്ടർനേറ്റ് ബയ്റ്റിങ്ങ് ടീത്ത് രീതിയിലുള്ളതാണ്. ചെങ്കുത്തായ കുന്നുകൾ കയറിയും പാലങ്ങളും ആർച്ചുകളും പിന്നിട്ടു വേണം ഈ യാത്ര പൂർത്തിയാക്കുവാൻ. ചെങ്കുത്തായ പാതയിലൂടെ ട്രെയിൻ കയറുന്നതും തുരങ്കങ്ങൾ താണ്ടു പോകുന്നതൊമൊക്കെ തികച്ചും വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കും. വലിയ കയറ്റങ്ങൾ കയറാൻ നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ‘X’ ക്ലാസ്സിൽ പെടുന്ന എൻജിനുകളാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ കൂനൂർ വരെ മാത്രമായിരുന്നു സർവ്വീസ് ഉണ്ടായിരുന്നത്. പിന്നീട് 1908 ലാണ് ഊട്ടി അഥവാ ഉദഗമണ്ഡലം വരെ ഇതിന്റെ സർവ്വീസ് നീട്ടുന്നത്.
1918 – 1950 കാലഘട്ടത്തിൽ നിർമിച്ച എൻജിനുകളാണു ഇപ്പോഴും ഉപയോഗിക്കുന്നത്.എല്ലാ ദിവസവും രാവിലെ 7. 10നാണ് മേട്ടുപ്പാളയത്തിൽ നിന്ന് ടോയ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയുള്ള ഹിൽഗ്രോവാണ് ആദ്യത്തെ പ്രധാന സ്റ്റേഷൻ. പിന്നീട് കതേരി, കൂനൂര്, വെല്ലിംഗ്ടൺ, കേത്തി, ലവ്ഡെയ്ൽ തുടങ്ങിയ സ്റ്റേഷനുകളിലൂടെ ഊട്ടിയിലെത്തും.എല്ലാ സ്റ്റേഷനുകളിലും വെള്ളം നിറയ്ക്കുവാനായി ട്രെയിൻ കുറച്ചു സമയം നിർത്തിയിടും. ഈ സമയത്ത് യാത്രക്കാർക്ക് ടോയ്ലറ്റിൽ പോകുകയോ ഭക്ഷണം കഴിക്കുകയോ ഒക്കെ ചെയ്യാം മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലേക്ക് 46 കിലോമീറ്റർ ദൂരമാണുള്ളത്. ട്രെയിൻ ഈ ദൂരം താണ്ടുവാണെടുക്കുന്നത് അഞ്ചു മണിക്കൂറുകളാണ്.
മേട്ടുപ്പാളയത്തു നിന്നും ഉദഗമണ്ഡലം വരെയാണല്ലോ ടോയ് ട്രെയിൻ സഞ്ചരിക്കുന്നത്. മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നിവയാണ് ഇതിനിടയിലുള്ള പ്രധാനപ്പെട്ട സ്റ്റേഷനുകൾ. ഈ യാത്രയിൽ കൂനൂർ വരെ ആവി എൻജിനും പിന്നീടങ്ങോട്ട് ഡീസൽ എൻജിനുമാണ് യാത്രയ്ക്കുപയോഗിക്കുന്നത്. ഈ തീവണ്ടിപ്പാതയിൽ കമ്പ്യൂട്ടർ അതിഷ്ഠിതമായ ടിക്കറ്റിംഗ് സംവിധാനം ഉണ്ടെങ്കിലും ഊട്ടി-മേട്ടുപ്പാളയം റൂട്ടിൽ ഇപ്പോഴും പഴയരീതിയിലുള്ള ടിക്കറ്റ് വിതരണ സമ്പ്രദായമാണ് നിലനിൽക്കുന്നത്. ഇത് പൈതൃകസ്മാരകത്തിന്റെ സ്ഥിതി നിലനിർത്തുന്നതിന് വേണ്ടിയാണ്. പക്ഷേ, ഇന്ത്യൻ റെയിൽവേയുടെ വെബ്‌സൈറ്റ് വഴിയും ഈ പാതയിലെ ടിക്കറ്റ് ബുക്കിംഗ് ചെയ്യാവുന്നതാണ്.