ആരേയും മയക്കുന്ന കാഴ്ച്ചകള്‍ കൊണ്ട് സമ്പന്നമായ നാഗാലാന്‍ഡ്. പതിനൊന്നു ജില്ലകളിലായി അതിമനോഹരമായ ഒട്ടേറെ കാഴ്ചകളും കഥകളില്‍ കേട്ട് മാത്രം ശീലമുള്ള തരം ജീവിത രീതികളും പ്രത്യേക സംസ്കാരവുമെല്ലാം ചേര്‍ന്ന സംസ്ഥാനമാണ് നാഗാലന്‍ഡ്.പഴക്കമുള്ള പരമ്പരാഗത സാംസ്‌കാരിക പൈതൃകവും, ശാന്തമായ അന്തരീക്ഷവും നാഗാലാന്‍ഡിനെ ഇന്ത്യയിലെ ഏറ്റവും വര്‍ണ്ണാഭമായ സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുന്നു. ലോങ്ങ്ഖും എന്ന നാഗാ ഗ്രാമം സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ നിങ്ങളുടെ ആത്മാവ് അവിടെ തന്നെ നില്‍ക്കും.ഇന്ന് ലോങ്ങ്ഖും അറിയപ്പെടുന്നത് നാഗാലാന്റിന്റെ ‘വെജിറ്റബിള്‍ ക്യാപിറ്റല്‍’ എന്നാണ്. ഇവിടെ വിളയുന്ന പച്ചകറികള്‍ക്ക് കണക്കിടാന്‍ ആവില്ല. ലോങ്ങ്ഖും ഗ്രാമത്തിന്റെ മുക്കിലും മൂലയിലും വരെ തക്കാളിയും കാബേജും എന്നുവേണ്ട എല്ലാവിധ പച്ചക്കറികളും തഴച്ചുവളര്‍ന്നുനില്‍ക്കുന്ന കാഴ്ചയാണ്.
സ്വന്തം ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറുന്നവരുടേയും ശത്രുക്കളുടേയും ശിരസ്സ് കൊയ്തെടുത്ത് വീടിന് മുന്നിൽ പ്രദർശിപ്പിച്ചിരുന്ന പോരാളി വംശക്കാരായ കൊന്യാക്ക് ആദിവാസികളുടെ പേരിലാണ് മോണ്‍എന്ന ഗ്രാമം പ്രശസ്തമായത്. തലവേട്ട ഒഴികെയുള്ള ആചാരങ്ങളും പാരമ്പര്യ ചടങ്ങുകളും ഇവര്‍ ഇന്നും പിന്തുടരുന്നു. ഇന്ത്യയെയും മ്യാന്‍മറിനെയും ഒരേസമയം അനുഭവിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക നാടാണ് ലോങ്ങ് വാ. കൊന്യാക് നാഗരുടെ ആസ്ഥാനമായ ലോങ്ങ് വായ്ക്ക് സമ്പന്നമായ ചരിത്രവും സംസ്‌കാരവുമുണ്ട്. രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തിയെ വെറും രേഖകള്‍ മാത്രമായി കാണാന്‍ ഭാഗ്യം ചെയ്ത ഒരു ജനതയുടെ നാട്. രാജാവും സര്‍ക്കാരും ഒരുപോലെ ഭരിക്കുന്ന ഗ്രാമം. ഇരട്ടപൗരത്വമുള്ള നാട്ടുകാര്‍. അങ്ഖ് എന്ന രാജാകൊട്ടാരമാണ് നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുക. ഇവിടുത്തെ ജീവിതം കേട്ടാല്‍ അമ്പരന്നുപോകും. രാവിലെ ഭക്ഷണം കഴിക്കുന്നത് ഇന്ത്യയിലാണെങ്കില്‍ ഉച്ചയ്ക്ക് ഉറങ്ങുന്നത് മ്യാന്‍മാറിലായിരിക്കും. തീ കായുന്നത് ഇന്ത്യയിലാണെങ്കിലും അടുപ്പ് അങ്ങ് മ്യാന്‍മാറിലാണ്.
അതിമനോഹരമായ കൈത്തറി, നാഗ ആഭരണങ്ങൾ, വിവിധ കരകൗശല വസ്തുക്കൾ, ആര്‍ട്ട് എന്നിവയ്ക്ക് പ്രസിദ്ധമാണ് ടുയന്‍സാങ്ങ് . നാഗാലന്‍ഡില്‍ ഏറ്റവും കുറച്ചു സഞ്ചാരികള്‍ മാത്രം എത്തുന്ന ഒരു വിദൂര ഗ്രാമമാണ് ബെൻറ്യൂ. ഓഫ്-റോഡ് യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടങ്ങളില്‍ ഒന്നാണ് ഇവിടം. 2020- ലെ റിപ്പോർട്ട് അനുസരിച്ച് 180 കുടുംബങ്ങൾ ആണ് ഇവിടെ താമസിക്കുന്നത്. മുളത്തണ്ടിന്റെ ഉള്ളിൽ മീൻ തിരുകി വച്ച് തീയിൽ പൊള്ളിച്ചെടുക്കുന്ന രീതിയും നാഗാ സ്പെഷലാണ്. ‘മുളങ്കൂമ്പ്’ ആഹാരത്തിൽ ചേരുവയായി ചേർക്കുന്നതാകട്ടെ സർവസാധാരണവും. 16 പ്രധാന ഗോത്രങ്ങളാണു നാഗാലാൻഡിൽ ഉള്ളത്. ഈ 16നും മിക്കവാറും വ്യത്യസ്ത രുചിക്കൂട്ടുകളാണ് ഉള്ളത്. വിഭവങ്ങളിൽ മുളങ്കൂമ്പ് ചേർക്കുന്നതാണ് ഇവരെ ഒന്നിപ്പിക്കുന്ന ഒന്നാമത്തെ രുചിശീലം.
‘
ഗോത്ര സംസ്കൃതിയുടെ ഭാഗമായി നായ്ക്കളെയും പ്രാണികളെയും പാമ്പിനെയും വരെ ഭക്ഷിക്കുന്നവരാണു നാഗാലാൻഡുകാർ. ഓരോ ജീവികളെയും പാകം ചെയ്തെടുക്കുന്നതിലും ഓരോ ചേരുവകളാണു പരമ്പരാഗതമായി ഉപയോഗിക്കുന്നത്. തവള, തേനീച്ച, മറ്റു പ്രാണികൾ എന്നിവയെ പാകം ചെയ്യുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവയാണു പ്രധാനമായും ചേർക്കുക. ഒച്ചിനെ പാകം ചെയ്യുമ്പോൾ ധാരാളമായി മുളക് ഉപയോഗിക്കും. പ്രശസ്തമായ നായ ഇറച്ചിയുടെ ചേരുവയിൽ പ്രധാനം ഇഞ്ചി, നാഗാ കുരുമുളക്, ചുവന്ന മുളക് എന്നിവയാണ്. ഇറച്ചിവിഭവങ്ങളിൽ ചീരയും ഒരു സ്ഥിരം സാന്നിധ്യമായിരിക്കും.