കഴിഞ്ഞ ദിവസങ്ങളിൽ നാം ഏറെ കൗതുകത്തോടെയും അത്ഭുതത്തോടെയും കേട്ട വാർത്തയാണ് റോബോർട്ടിന്റെ ആത്മഹത്യ. മനുഷ്യനുള്ള പോലെ ജോലി ഭാരവും അത് മൂലമുണ്ടാകുന്ന സമ്മർദവും കാരണം ഒരു യന്ത്രം സ്വയം ജീവനൊടുക്കുമോ… ഈ വാർത്ത കണ്ട ഏതൊരാൾക്കുമുണ്ടാകുന്ന സംശയമാണ് ഇത്. യഥാർത്ഥത്തിൽ എന്താണ് ഈ കാര്യത്തിൽ സംഭവിച്ചതെന്ന് ചിന്തിച്ചിട്ടുണ്ടോ… ‘സെൽഫ് ഡിസ്ട്രക്ടീവ് മോഡ് ഓൺ’- സയൻസ് ഫിക്ഷൻ സിനിമകൾക്കുള്ളിൽ ഇത്തരത്തിൽ സ്വയം നശിക്കുന്ന റോബടുകളെ നാം കണ്ടിട്ടുണ്ടായിരിക്കാം.എന്നാൽ അമിതമായുള്ള ജോലിഭാരത്താൽ ‘എരിഞ്ഞുതീരുകയും ആത്മഹത്യ’ ചെയ്യുകയും ചെയ്യുന്ന റോബടുകൾ ചിലപ്പോള്‍ കഥകളിൽ മാത്രമേ കാണൂ. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിൽ ജോലി ചെയ്തിരുന്ന റോബോട്ട് കോണിപ്പടിയിൽ നിന്ന് വീണതിനെ തുടർന്ന് പ്രവർത്തനരഹിതമായതാണ് ‘റോബോട്ട് ആത്മഹത്യ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇത് ഒരു ജീവനൊടുക്കലല്ല സാങ്കേതിക തകരാർ ആയിരിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.
കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ട് സ്റ്റാർട്ടപ്പായ ബെയർ റോബോരട്ടിക്‌സ് നിർമ്മിച്ച റോബടിനു ഒരു സിവിൽ സർവീസ് ഓഫീസറുടെ കാർഡും ഉണ്ടായിരുന്നു. സിറ്റി ഹാൾ സ്റ്റാഫിന്റെ ഭാഗമായി 2023 ഓഗസ്റ്റ് മുതൽ “ശുഷ്കാന്തിയോടെ” പ്രവർത്തിക്കുകയായിരുന്ന റോബട് വീഴുന്നതിന് മുമ്പ്, ദൃക്‌സാക്ഷികൾ അസാധാരണമായ ചില പെരുമാറ്റം റിപ്പോർട്ട് ചെയ്തിരുന്നു. പണികൂടുതൽ എടുപ്പിച്ചതിനു മാനസികസമ്മർദ്ദം കാരണമല്ല ഈ ‘റോബട് ആത്മഹത്യ’ എന്ന് സമാനമായുള്ള റോബടുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനമായ യുണീക് വേൾഡ് റോബടിക്സ് സ്ഥാപകൻ ബെൻസൺ തോമസ് ജോര്‍ജ് പറയുന്നു. സോഫ്റ്റ്വെയറിലെ തകരാർ കാരണം ഇത്തരത്തിൽ നാവിഗേഷനിൽ പ്രശ്നം ഉണ്ടാവാൻ സാധ്യതയുണ്ട്, ചിലപ്പോൾ മോട്ടറുകളിലെ തകരാർ മറ്റൊരു കാരണമാണ്.ലിഡാർ, ക്യാമറകൾ, അൾട്രാസോണിക് തുടങ്ങിയ വിവിധ സെൻസറുകളിലെ പ്രശ്നങ്ങളും ഇത്തരത്തിൽ പ്രവർത്തനം പണിമുടക്കാൻ സാധ്യതയുണ്ട്.
മറ്റൊരു കാരണം പുറത്തുനിന്നുള്ള ഇടപെടലുകളാണ്, ഇത്തരത്തില്‍ ഒരു ഇടപടലുണ്ടായാൽ സുരക്ഷാ നടപടികളുടെ ഭാഗമായി പ്രവർത്തനം അവസാനിപ്പിക്കാനിടയുണ്ട്. അധിക സമ്മർദ്ദം വരും പക്ഷേ അത് ആ ഉപകരണത്തിനു വഹിക്കാവുന്നതിലും കൂടുതൽ പേലോഡ്(ഭാരം) വർദ്ധിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാലായിരിക്കാം ഉണ്ടാകുക. പിന്നെ നല്ല ശതമാനം കേസിലും ‘ആത്മഹത്യ’ ചെയ്ത റോബോടിനെ പണിയറിയാവുന്നവരുടെ കൈയ്യിൽ കിട്ടിയാൽ ഉയർത്തെഴുന്നേൽപ്പിക്കാൻ സാധിക്കുമെന്നും ബെൻസൺ തോമസ് പറയുന്നു. എന്തായാലും ഈ സംഭവം റോബടിക് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിനെപ്പറ്റി ഒരു ചർച്ചയുണ്ടാകാൻ കാരണമായി. മനുഷ്യസാധ്യമല്ലാത്ത ഇടങ്ങളിൽ കടന്നു ചെല്ലാനും അവിരാമം പ്രവർത്തിക്കാനും കഴിയുന്ന റോബട് മനുഷ്യാധ്വാനം കുറയ്ക്കുകയും അപകടങ്ങൾ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.