ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്‌വയിലുണ്ടായ ഭീകരാക്രമണത്തില്‍ നാലു സൈനികര്‍ക്ക് വീരമൃത്യു. ആറ് സൈനികര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിനുനേരെ വെടിവെപ്പും ഗ്രനേഡ് ആക്രമണവുമുണ്ടായത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ലെന്ന് സൈന്യം വ്യക്തമാക്കി. സൈനികർ തിരിച്ചടിച്ചെങ്കിലും ഭീകരർ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു.
കൂടുതല്‍ സൈന്യം എത്തി ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണു നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില്‍ ഇതു രണ്ടാം തവണയാണ് സൈന്യത്തിനുനേരെ ഭീകരാക്രമണമുണ്ടാകുന്നത്. ഞായറാഴ്ച രജൗരിയിലെ സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാനു പരിക്കേറ്റിരുന്നു.
സംഭത്തില്‍ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. ജമ്മുകാശ്മീരിൽ സ്ഥിതി നാൾക്കുനാൾ മോശമാകുകയാണെന്ന് ഖർഗെ പറഞ്ഞു. ഈ മാസം സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് ജമ്മുകാശ്മീരിൽ മോദി സർക്കാർ ദുരന്തമായി മാറിയെന്ന വസ്തുത മായ്ക്കാനാകില്ല. പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ദുരന്തമായി മാറുന്നുവെന്നും ഖർഗെ പറഞ്ഞു.
ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണ്. ഭീകരതയ്ക്കെതിരെ രാജ്യത്തിനൊപ്പം ഉറച്ച് നിൽക്കുന്നുവെന്നും ഖർഗെ പറഞ്ഞു. കേന്ദ്രസർക്കാർ ജമ്മു കാശ്മീരിൽ പൂർണമായും പരാജയപ്പെട്ടെന്നും, അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിഞ്ഞെന്നും കെ സി വേണുഗോപാൽ എംപിയും പ്രതികരിച്ചു.