ന്യുഡൽഹി: പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം അജന്ത ശരത് കമലും ഇന്ത്യൻ പതാകയേന്തും. ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഇന്ത്യൻ സംഘത്തെ നയിക്കുക. നേരത്തേ നിയോഗിച്ച മേരികോം രാജിവെച്ചതിനാലാണ് ഉപതലവനായിരുന്ന നാരംഗിന് പുതിയ ചുമതല നൽകിയത്. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയാണ് വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപനം നടത്തിയത്.
റിയോ ഒളിംപിക്സിൽ വെള്ളിയും ടോക്കിയോയിൽ വെങ്കലവും നേടിയ സിന്ധു രണ്ട് മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്. ലണ്ടൻ ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലമെഡൽ നേടിയ താരമാണ് ഗഗൻ നാരംഗ്.
ഒളിമ്പിക്സിനുള്ള 28 അംഗ ഇന്ത്യൻ അത്‍ലറ്റിക്സ് സംഘത്തെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്രയാണ് നയിക്കുന്നത്. 17 പുരുഷ താരങ്ങളും 11 വനിതകളും അടങ്ങുന്നതാണ് ഇന്ത്യയുടെ അത്‍ലറ്റിക്സ് ടീം. ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടും പരിക്കേറ്റ് പുറത്തായ ലോങ് ജമ്പ് താരം എം. ശ്രീശങ്കറിന് പകരം ജെസ്വിൻ ആൽഡ്രിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ അംഗബലം 29 ആകും. ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിംപിക്സ് നടക്കുന്നത്.