Kerala

തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം: സിപിഐ എക്‌സിക്യൂട്ടീവ്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് വിലയിരുത്തി സിപിഐ എക്‌സിക്യൂട്ടീവ്. സര്‍ക്കാരിന്റെ നയവും നിലപാടും ഭരണവിരുദ്ധ വികാരത്തിന് കാരണമായി. നയങ്ങള്‍ ജനപക്ഷത്ത് നിന്ന് സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് പിഴവ് വന്നുവെന്നും കമ്മറ്റി വിലയിരുത്തി.

സംസ്ഥാന കൌണ്‍സിലില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ പരാമര്‍ശിക്കേണ്ടെന്ന കാര്യത്തില്‍ സിപിഐ എക്‌സിക്യൂട്ടീവില്‍ ധാരണയായി. ഭരണവിരുദ്ധവികാരത്തിനൊപ്പം സാമുദായിക ചേരിതിരിവും ഫലത്തെ സ്വാധീനിച്ചു. സാമുദായിക ചേരിതിരിവ് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ മുന്നണിക്കായില്ല. സാമുദായിക ചേരിതിരിവ് ഉണ്ടായതാണ് ബിജെപിക്ക് വോട്ട് കൂടാന്‍ കാരണമായതെന്നും എക്‌സിക്യൂട്ടീവില്‍ അഭിപ്രായമുയര്‍ന്നു.

ക്വട്ടേഷന്‍, എസ്എഫ്‌ഐ വിമര്‍ശനം നടത്തിയതില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എക്‌സിക്യൂട്ടീവ് പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉന്നയിക്കേണ്ടിയിരുന്നുവെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞു. ശരിയായ കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചാല്‍ ഇടതുപക്ഷ ഐക്യത്തിന് കോട്ടമല്ല ഗുണമാണ് ഉണ്ടാകുകയെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞു.