തിരുവനന്തപുരം: നഗരൂരില്‍ ഡി.വൈ.എഫ്.ഐ.-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. പരിക്കേറ്റ 8 ഡി.വൈ.എഫ്.ഐ പ്രവർത്തകരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ 6 പേരുടെ പരിക്ക് അതീവ ഗുരുതരമാണ്.
നഗരൂര്‍ ആലിന്റെമൂട്ടിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം ഏഴരയ്ക്കു ശേഷമായിരുന്നു സംഘര്‍ഷം. നേരത്തെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ ബാക്കിയായാണ് സംഘര്‍ഷം നടന്നതെന്നാണ് പ്രാഥമികവിവരം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വന്‍ പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡൻ്റും, സിപിഐ എം ബ്രാഞ്ച് അംഗവുമായ അഫ്സൽ (29), ഡി വൈഎഫ്ഐ പ്രവർത്തകരായ തേജസ് (24), അൽത്താഫ് (25), അൽ അമീൻ (24), മുഹമ്മദ് (23), അഫ്സൽ (29), അഫ്സൽ (25), ആഷിഖ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ തലയ്ക്ക് വെട്ടേറ്റ അഫ്സൽ (29) നെ അടിയന്തര ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജ് ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റി.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡൻ്റ് സുഹൈൽ ബിൻ അൻവർ, ഇയാളുടെ സഹോദരനും കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് സഹിൽ ബിൻ അൻവർ എന്നിവരുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കുകളിലും , കാറിലും പോർ വിളികളുമായി എത്തിയ സംഘം പ്രദേശത്ത് മുളക് പൊടി വിതറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കരിങ്കല്ല്, വടിവാൾ, ഇരുമ്പ് ദണ്ഡ് എന്നിവയുമായി ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തിൽ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജൂലൈ 9 ന് ജില്ലയിൽ എല്ലാ മേഖല കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ ഷിജൂഖാൻ, പ്രസിഡൻ്റ് വി അനൂപ് എന്നിവർ വാർത്തിക്കുറിപ്പിൽ അറിയിച്ചു.