അബുദാബി: യുഎഇ പൗരന്മാരുടെ പാസ്‌പോര്‍ട്ട് കാലാവധി ഉയര്‍ത്തിയതായി എമിറേറ്റ്‌സ് പാസ്‌പോര്‍ട്ട് അതോറിറ്റി. അഞ്ച് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷത്തേക്കാണ് കാലാവധി ഉയര്‍ത്തിയിരിക്കുന്നത്. ജൂലൈ എട്ട് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. 2024 മാര്‍ച്ചില്‍ യു.എ.ഇ കാബിനറ്റ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.
ജൂലൈ എട്ട് മുതല്‍ അപേക്ഷിക്കുന്ന 21 വയസ്സോ അതിന് മുകളിലോ പ്രായമുള്ള പൗരന്മാര്‍ക്ക് പുതിയ സേവനം ലഭ്യമാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിലൂടെ ഉണ്ടാകുന്ന പൗരന്മാരുടെ സമയനഷ്ടം കുറക്കുന്നതിനാണ് കാലാവധി വര്‍ധിപ്പിച്ചുകൊണ്ടുള്ള നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്ന സമയത്ത് അവര്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിക്കും. കൂടാതെ മബ്‌റൂക് മാ യാക് എന്ന പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷിച്ചാല്‍ നവജാത ശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി എന്നിവ ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതിന് പുറമെ അജ്മാനില്‍ നിന്ന് അബുദാബിയിലേക്ക് ഇന്ന് മുതല്‍ കൂടുതല്‍ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് അജ്മാന്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. മുസല്ല ബസ് സ്റ്റേഷനില്‍ നിന്ന് അബുദാബി ബസ് സ്റ്റേഷനിലേക്കാണ് പുതിയ നാല് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. അജ്മാനില്‍ നിന്ന് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയും അബുദാബിയില്‍ നിന്നും രാവിലെ 10 മുതല്‍ രാതി 9.30 വരെയും സര്‍വീസുകളുണ്ടാകും. ദിവസം നാല് ട്രിപ്പാണ് അബൂദബിയിലേക്കുണ്ടാവുക. രാവിലെ ഏഴ്, പതിനൊന്ന്, വൈകുന്നേരം മൂന്ന് രാത്രി ഏഴ് എന്നീ സമയങ്ങളിലാണ് അജ്മാനില്‍ നിന്ന് ബസ് പുറപ്പെടുക. 35 ദിര്‍ഹമാണ് യാത്രാ നിരക്ക്. മസാര്‍ കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കാം.