Kerala

നിയമ ലംഘനം നടത്തിയുളള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; വാഹന ഉടമയെ തിരിച്ചറിഞ്ഞു

കല്‍പ്പറ്റ: ഗതാഗത നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി കറങ്ങിയ ജീപ്പ് എംവിഡി തിരിച്ചറിഞ്ഞു. മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാനാണ് ജീപ്പിന്റെ ഉടമസ്ഥന്‍. മുമ്പ് പല തവണ നിയമലംഘനത്തിന് പിടികൂടിയ ജീപ്പാണിതെന്നും എംവിഡി കണ്ടെത്തി. നിയമലംഘനത്തില്‍ വയനാട് ആര്‍ടിഒ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരിയുടേയും കൂട്ടുകാരുടേയും നമ്പര്‍ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. കെഎല്‍ പത്ത് ബി 3724 രജിസ്‌ട്രേഷനുളള വണ്ടി മുമ്പ് രണ്ട് തവണ നിയമലംഘനത്തിന് പിടികൂടിയിട്ടുണ്ട്.

2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ജീപ്പ് കസ്റ്റഡിയിലെടുത്തത്. 25000 രൂപയാണ് ഒടുവില്‍ പിടികൂടിയപ്പോള്‍ പിഴയിട്ടത്. കേസ് മലപ്പുറം ആര്‍ടിഓയ്ക്ക കൈമാറുമെന്നും ആര്‍സി സസ്‌പെന്റ് ചെയ്യുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും വയനാട് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ആകാശിനെതിരെ നടപടിയാവശ്യപ്പെട്ട് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദും ആര്‍ടിഓയ്ക്ക് പരാതി നല്‍കിയിരുന്നു. വാഹനത്തില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ആകാശ് തില്ലങ്കേരി തന്നെയാണ് പങ്കുവെച്ചത്. മാസ് സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് പങ്കുവെച്ചത്.