India

ജമ്മു കശ്മീരിലെ ഭീകരാക്രമണം; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തില്‍ രാഹുല്‍ ഗാന്ധി ദു:ഖം രേഖപ്പെടുത്തി. ഒരു മാസത്തില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രാഹുല്‍ പറഞ്ഞു. പൊള്ളയായ പ്രസംഗങ്ങളോ വ്യാജ വാഗ്ദാനങ്ങളോ അല്ല ശക്തമായ നടപടികളാണ് പരിഹാരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില്‍ ഇതു രണ്ടാം തവണയാണ് സൈന്യത്തിനുനേരെ ഭീകരാക്രമണമുണ്ടാകുന്നത്. ഞായറാഴ്ച രജൗരിയിലെ സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാനു പരിക്കേറ്റിരുന്നു. അതേസമയം ജമ്മുകാശ്മീരിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രംഗത്തെത്തിയിരുന്നു. ജമ്മുകാശ്മീരില്‍ സ്ഥിതി നാള്‍ക്കുനാള്‍ മോശമാകുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. സംഭവത്തില്‍ ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിനുനേരെ വെടിവെപ്പും ഗ്രനേഡ് ആക്രമണവുമുണ്ടായത്.

പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ചുപേരെ രക്ഷിക്കാനായില്ലെന്ന് സൈന്യം വ്യക്തമാക്കി. സൈനികര്‍ തിരിച്ചടിച്ചെങ്കിലും ഭീകരര്‍ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു. കൂടുതല്‍ സൈന്യം എത്തി ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണു നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.