ന്യൂഡൽഹി: ഭിന്നശേഷി വിഭാഗക്കാരെ സിനിമകളിലും ഡോക്യുമെന്ററികളിലും ദൃശ്യമാധ്യമങ്ങളിലും പരിഹാസ്യരായി ചിത്രീകരിക്കരുതെന്ന് സുപ്രീംകോടതി. ഇത്തരം പദപ്രയോഗങ്ങൾ വിവേചനം സൃഷ്ടിക്കുമെന്നു കോടതി വ്യക്തമാക്കി. സോണി പിക്‌ചേഴ്‌സിന്റെ ‘ആഖ് മിച്ചോലി’ സിനിമയ്ക്കെതിരെ നിപുൺ മൽഹോത്ര നൽകിയ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മാർഗരേഖയിറക്കിയത്. ഭിന്നശേഷിക്കാരെ മാന്യമല്ലാത്ത രീതിയിൽ ചിത്രീകരിച്ചെന്നായിരുന്നു പരാതി. പഴഞ്ചൻരീതികൾ വച്ചുള്ള ചിത്രീകരണവും പ്രയോഗങ്ങളും ഭിന്നശേഷിയുള്ളവരുടെ അന്തസ്സിനെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭിന്നശേഷിക്കാരുടെ യഥാർഥ ജീവിതം പ്രതിഫലിപ്പിക്കാൻ ദൃശ്യമാധ്യമങ്ങൾ ജാഗ്രത പുലർത്തണം. ഇവരുടെ വിജയഗാഥകൾക്കും അസാധാരണനേട്ടങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണം. ഭിന്നശേഷി വിഭാഗക്കാരെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന സംഘടനകളും സമിതികളും അവരുടെ പ്രതിനിധികളുടെ വാദംകൂടി പരിഗണിക്കണം. ഭിന്നശേഷിക്കാരെ സംബന്ധിച്ച ദൃശ്യമാധ്യമ ഉള്ളടക്കം തയ്യാറാക്കുന്ന സംവിധായകർ, തിരക്കഥാകൃത്തുക്കൾ, നടീനടൻമാർ തുടങ്ങിയവർക്ക് ആവശ്യമായ പ്രത്യേക ബോധവൽക്കരണ, പരിശീലന പരിപാടികൾ സംഘടിപ്പിക്കണം–ജസ്റ്റിസുമാരായ ജെ ബി പർധിവാല, മനോജ് മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് പറഞ്ഞു.