India

രാജ്യത്ത് അതിശക്തമായ മഴ തുടരുന്നു; പ്രളയക്കെടുതി രൂക്ഷം; അസമിൽ മരിച്ചവരുടെ എണ്ണം 72 ആയി, മുംബൈയിൽ ഇന്ന് റെഡ് അലർട്ട് | Heavy rains continue in the country; Severe flood; Assam death toll rises to 72, Mumbai on red alert today

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. മുംബൈയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വീടുകളിലും വെള്ളം കയറി.

വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെങ്കിലും അസമിലെ 28 ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. 23 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ ആറു കാണ്ടാമൃഗങ്ങൾ അടക്കം 129 വന്യമൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ ചത്തു. നൂറുകണക്കിന് വീടുകളും പാലങ്ങളും റോഡുകളും തകര്‍ന്നു. ബ്രഹ്മപുത്രയടക്കം സംസ്ഥാനത്ത് ഒമ്പത് നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.

കനത്ത മഴ‌യെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ വ്യാപകമായി വെള്ളംകയറി. പലയിടത്തും വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. ശക്തമായ മഴയിൽ റോഡുകളും റെയിൽവേ ട്രാക്കുകളും മുങ്ങി. നിരവധി വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി. വരുന്ന രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.

മഹാരാഷ്ട്രയ്ക്ക് പുറമെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് ,ഹരിയാന, അരുണാചല്‍, ബീഹാർ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി .