India

കത്‌വ ഭീകരാക്രമണത്തിൽ തെരച്ചിൽ ശക്തമാക്കി സൈന്യം; മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു | Army intensified search in Katwa terror attack; Clashes continue in the region

കശ്മീര്‍: ജമ്മു കശ്മീരിലെ കത്‌വയിലുണ്ടായ ഭീകരാക്രമണത്തിൽ തെരച്ചിൽ ശക്തമാക്കി സൈന്യം. ഇന്നലെ വൈകുന്നേരമുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. ആറ് സൈനികർക്ക് പരിക്കേറ്റു. സൈന്യത്തിന്റെ പട്രോളിങ്ങിനിടെ കത്‌വയില്‍നിന്ന് 150 കി.മീറ്റര്‍ അകലെ മച്ചേഡി-കിണ്ട്‌ലി-മല്‍ഹാര്‍ റോഡിലായിരുന്നു ആക്രമണം. ഭീകരർ കുന്നിൻ മുകളിൽ നിന്ന് സൈനിക വാഹനത്തിനുനേരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.

പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഇതോടെ ഭീകരര്‍ സമീപത്തെ കാട്ടില്‍ ഒളിച്ചതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ സൈന്യം എത്തി ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണു നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില്‍ ഇതു രണ്ടാം തവണയാണ് സൈന്യത്തിനുനേരെ ഭീകരാക്രമണമുണ്ടാകുന്നത്. ഞായറാഴ്ച രജൗരിയിലെ സൈനിക ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാനു പരിക്കേറ്റിരുന്നു.