തിരുവനന്തപുരം : ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് കോളറയെന്ന് സംശയം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദിവ്യാംഗ ഹോസ്റ്റലിലെ അന്തേവാസിയായ തൊളിക്കോട് സ്വദേശി അനു മരിച്ചത് കോളറ ബാധ കാരണം. ആറുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാൾക്കാണ് കോളറ സ്ഥിരീകരിച്ചത്.
ഭിന്നശേഷിക്കാർ താമസിക്കുന്ന സ്കൂളിന്റെ തവരവിളയിലെ ഹോസ്റ്റലിലെ അന്തേവാസി അനു (26) വാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി അനു മരിച്ചെങ്കിലും വിവരം തിങ്കളാഴ്ചമാത്രമാണ് പുറത്തറിഞ്ഞത്. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഹോസ്റ്റൽ സന്ദർശിച്ചു. അനുവിന്റെ മരണവും കോളറ ബാധിച്ചതുമൂലമാണെന്നാണ് സംശയിക്കുന്നത്. അനുവിന്റേതുൾപ്പെടെയുള്ള പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.
ഹോസ്റ്റലിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. എന്നാൽ സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം അനുവിന്റെ മരണത്തെക്കുറിച്ച് പ്രതികരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അനുവിനു സുഖമില്ലാത്ത വിവരം രാവിലെ അറിയിച്ചിരുന്നുവെങ്കിലും രാത്രിയോടെ അസുഖം കൂടുതലായതിനാൽ ജനറൽ ആശുപത്രിയിലെത്തണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ മാത്രമാണ് അനു മരിച്ച വിവരം അറിയുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തെത്തുടർന്ന് ഹോസ്റ്റലിൽനിന്നു വിദ്യാർഥികളെ വിളിച്ചുകൊണ്ടുപോകണമെന്ന് രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതർ അറിയിപ്പു നൽകി.
ആര്യനാട്, വിനോബാനികേതൻ, മലയടി, മുളമൂട്ടുവീട്ടിൽ അനിൽകുമാറിന്റെയും ഷീലയുടെയും മകനാണ് അനു. സഹോദരൻ അനീഷ്.