തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ‘റാവിസ് പ്രതിധ്വനി സെവന്‍സ്-സീസണ്‍ 7 ഇന്‍ അസോസിയേഷന്‍ വിത്ത് യൂഡി’ ഫുട്ബാള്‍ ടൂര്‍ണമെന്റിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനികള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വിനു ജോസ് നിര്‍വഹിച്ചു. നിലവിലെ ചാമ്പ്യന്മാര്‍ ട്രോഫി കൈമാറുന്ന ചടങ്ങും ടീമുകളുടെ ബൈക്ക് റാലിയും ജേഴ്‌സി അനാച്ഛാദനവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.
വിവിധ ഐ ടി കമ്പനികളെ പ്രതിനിധീകരിക്കുന്ന പ്രതിധ്വനി ടീമും കെയുഡബ്ല്യുജെ മീഡിയ ഇലവനും തമ്മിലുള്ള പ്രദര്‍ശന മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. പ്രദര്‍ശന മത്സരം കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉത്ഘാടന പ്രദർശന മത്സരത്തിൽ പ്രതിധ്വനി ടെക്കീസ് ഇലവൻ, KUWJ Media XI നെ 2-0 എന്ന സ്കോറിനു തോൽപ്പിച്ചു. ആഗസ്റ്റ് അവസാനം വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 152 മത്സരങ്ങളാണുള്ളത്. വിവിധ ടീമുകളെ പ്രതിനിധീകരിച്ച് 93 ഐടി കമ്പനികളില്‍ നിന്നുള്ള 2000 ലധികം ജീവനക്കാര്‍ കളത്തിലിറങ്ങും. ടെക്‌നോപാര്‍ക്ക് ഗ്രൗണ്ടില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് മത്സരം. ആദ്യ റൗണ്ടുകള്‍ ലീഗ് അടിസ്ഥാനത്തിലും പിന്നീട് നോക്കൗട്ട് അടിസ്ഥാനത്തിലും മത്സരങ്ങള്‍ നടക്കും. സെമി ഫൈനലും ഫൈനലും പ്രവൃത്തിദിവസങ്ങളില്‍ ആയിരിക്കും.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയുമാണ് സമ്മാനം. ഇതിനുപുറമേ റാവിസ് അഷ്ടമുടിയില്‍ ഒരു ദിവസത്തെ താമസവും, റാവിസ് ഹോട്ടല്‍സും യൂഡി പ്രൊമോഷന്‍സും നല്‍കുന്ന സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനും മികച്ച ഗോള്‍കീപ്പര്‍ക്കും പ്രത്യേകം പുരസ്‌കാരങ്ങള്‍ ലഭിക്കും. ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് പ്ലേയര്‍ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ നല്‍കുന്ന പ്രത്യേക സമ്മാനങ്ങളും ഉണ്ടാകും. കാണികള്‍ക്കായുള്ള സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും യൂഡിയും ചേര്‍ന്നൊരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കായുള്ള ഫൈവ്‌സ് ടൂര്‍ണമെന്റും ഇതോടൊപ്പം ടെക്‌നോപാര്‍ക്കില്‍ നടക്കും.
പ്രതിധ്വനി സെവന്‍സ് ടൂര്‍ണമെന്റില്‍ ഇന്‍ഫോസിസ് അഞ്ചുതവണ ജേതാക്കളായി. ഒരു തവണ ഇന്‍ഫോസിസിനെ തോല്‍പ്പിച്ച് യു എസ് ടി ഗ്ലോബല്‍ ചാമ്പ്യന്മാരായി. കേരളത്തിലെ പ്രമുഖ ഐടി കമ്പനികളെല്ലാം പങ്കെടുക്കുന്ന പ്രതിധ്വനി ടൂര്‍ണമെന്റ് ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ്.