India

ഹത്‌റാസ് ദുരന്തം: ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു/ Hatthras disaster: Six officials suspended

ഹത്‌റസ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നടപടി. സിക്കന്ദ്രറാവു തഹസിലിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍, സര്‍ക്കിള്‍ ഓഫീസര്‍ ആനന്ദ് കുമാര്‍, സ്റ്റേഷന്‍ ഓഫീസര്‍ ആശിഷ് കുമാര്‍, തഹസില്‍ദാര്‍ സുശീല്‍ കുമാര്‍, പോറ ഔട്ട് പോസ്റ്റ് ഇന്‍ ചാര്‍ജ് ബ്രിജേഷ് പാണ്ഡെ, കച്ചോര ഔട്ട്പോസ്റ്റ് ഇന്‍ ചാര്‍ജ് മന്‍വീര്‍ സിങ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

300 ലധികം പേജുള്ള റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ ആള്‍ദൈവം ഭോലെ ബാബയുടെ ആത്മീയ പ്രഭാഷണത്തിനിടെയാണ് ദുരന്തമുണ്ടായത്. പരിപാടിയിലെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ചു. ജൂലൈ രണ്ടിന് ഉണ്ടായ ദുരന്തത്തില്‍ ഇപ്പോഴും സംഘാടകരെ മാത്രം ലക്ഷ്യം വെച്ചാണ് കേസ് നീങ്ങുന്നത്. ഭോല ബാബയെ ഒഴിവാക്കിയാണ് ഇത്രയും ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

CONTENT HIGHLIGHTS; Hatthras disaster: Six officials suspended