പ്രത്യക്ഷവും പരോക്ഷവുമായ മരണങ്ങള്‍ കണക്കാക്കിയാല്‍ ഗാസയിലെ യഥാര്‍ത്ഥ മരണസംഖ്യ 1,86,000 കടന്നേയ്ക്കാമെന്ന് പ്രമുഖ ആരോഗ്യ ജേണലായ ലാന്‍സെറ്റ് കണക്കു കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ശേഷം ഇന്നുവരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 38,000 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഗാസയിലെ മരണങ്ങളുടെ കണക്കെടുപ്പ്: ബുദ്ധിമുട്ടേറിയത് എങ്കിലും ആവശ്യമായത്’ എന്ന റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. നേരിട്ടുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണവും ആരോഗ്യപ്രശ്‌നങ്ങളാല്‍ മരിച്ചവരുടെ എണ്ണവും ചേര്‍ത്താണ് ഈ കണക്ക്.
ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ പരോക്ഷമായി നാലു പേര്‍ മരിക്കുന്നു എന്ന കണ്‍സര്‍വേറ്റീവ് എസ്റ്റിമേറ്റ് യുക്തി ഉപയോഗിച്ചാല്‍ 1,86,000 മരണങ്ങള്‍ എന്ന കണക്ക് അസംഭാവ്യമല്ലെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേലിന്റെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പുള്ള ഗാസയിലെ ജനസംഖ്യയുടെ (23 ലക്ഷം) എട്ട് ശതമാനത്തോളമാണ് ഈ മരണസംഖ്യ. ഏറ്റുമുട്ടലിന്റെ തീവ്രത, ആരോഗ്യസംവിധാനങ്ങളുടെ തകര്‍ച്ച, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അപര്യാപ്തത, സുരക്ഷിതപ്രദേശങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് സാധിക്കാത്ത അവസ്ഥ, ഗാസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ യു എന്‍ ആര്‍ ഡബ്ലൂ എ യ്ക്ക് ലഭിക്കുന്ന ഫണ്ടുകളുടെ അഭാവം എന്നിവ പരിഗണച്ചാല്‍ മരണസംഖ്യ കൂടാനാണ് സാധ്യത.’
2024 ഫെബ്രുവരിയിലെ യു എന്‍ കണക്കുപ്രകാരം ഗാസ മുനമ്പിലെ 35 ശതമാനം കെട്ടിടങ്ങള്‍ നാമാവശേഷമായി. ഈ കെട്ടിടാവശിഷ്ടങ്ങളില്‍ ഇനിയും പുറത്തെടുക്കാത്ത മൃതദേഹങ്ങളുണ്ട്. ഇതെല്ലാം പരിശോധിച്ചാണ് മരണം 1,86,000 കടക്കുമെന്ന് ലാന്‍സെറ്റ് കണക്കാക്കുന്നത്. ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം ഇപ്പോവും നടക്കുകയാണ്. പലായനം ചെയ്യാന്‍ അനൗണ്‍സ്‌മെന്റെ നടത്തുകയും, പിന്നാലെ വെടിയുതിര്‍ക്കുകയും ചെയ്യുന്ന രീതിയാണ് ഇസ്രയേല്‍ സൈന്യം നടത്തുന്നത്. ഹമാസുകളെ തിരഞ്ഞു പിടിക്കുന്നതിനാണ് ഇത്തരം വെടിവെപ്പ് നടത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും കൊല്ലുന്നതെല്ലാം പാലസ്തീന്‍ ജനതയെയാണ്. അതും സാധാരണ മനുഷ്യരെ. ആയുധം പോയിട്ട് ഭക്ഷണം പോലും കിട്ടാത്ത മനുഷ്യരെയാണ്.
CONTENT HIGHLIGHTS;The Lancet says the death toll in Gaza will exceed 1.86 lakh