ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപ്പർ മാർക്കറ്റ് റിയാദിൽ പ്രവർത്തനമാരംഭിച്ചു. ലബാൻ സ്ക്വയറിലുള്ള ഹൈപ്പർ മാർക്കറ്റ് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ചെയർമാൻ ഹസ്സൻ അൽ ഹുവൈസി ഉദ്ഘാടനം ചെയ്തു. സൗദി നിക്ഷേപ മന്ത്രാലയം ഉപമന്ത്രി മുഹമ്മദ് അബ ഹുസൈൻ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
സൗദിയിൽ ലുലു ഗ്രൂപ്പിന്റെ 61ാമത്തേതും റിയാദിലെ 11ാമത്തേതുമാണ് ലബാൻ സ്ക്വയർ ലുലു ഹൈപ്പർ മാർക്കറ്റ്. സൗദി തലസ്ഥാനമായ റിയാദിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു. സൗദിയിലെ ലുലുവിന്റെ വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 ഹൈപ്പർ മാർക്കറ്റ് എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്.
ഈ വർഷം പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഉൾപ്പെടെ ആറ് ഹൈപ്പർ മാർക്കറ്റുകൾ തുറക്കും. സ്വദേശികൾക്കും മലയാളികൾ ഉൾപ്പെടെയുള്ളവർക്കും ഇതിലൂടെ തൊഴിലവസരങ്ങൾ ഒരുക്കാൻ കഴിയുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ലുലു ഒരുക്കുന്ന ലോയൽറ്റി പദ്ധതിക്കും തുടക്കം കുറിച്ചു.