കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് പാലക്കയം തട്ട്. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പറുദീസ, വിശാലമായ പച്ചപ്പുള്ള മേലാപ്പും വളഞ്ഞുപുളഞ്ഞ കുന്നുകളുടെ വിശാലമായ ഭംഗിയും നിങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി, പാലക്കയം തട്ട് സിപ്ലൈന്‍, റോപ്പ് ക്രോസ്, സോര്‍ബിംഗ് ബോള്‍, ഗണ്‍ ഷൂട്ടിംഗ്, അമ്പെയ്ത്ത് എന്നിവയും മറ്റ് നിരവധി ആവേശകരമായ വിനോദ പരിപാടികളും ഇവിടെ നടത്താനുളള സൗകര്യം ഉണ്ട്. തളിപ്പറമ്പുനിന്നും കൂര്‍ഗ് പാതയില്‍ 28 കിലോമീറ്റര്‍ അകലെയാണ് ഈ മനോഹരയിടം നിലകൊള്ളുന്നത്.
കണ്ണൂരിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടമാണ് പാലക്കയം തട്ട്. മലയുടെ മുകളിലേക്ക് ജീപ്പ് സര്‍വീസുകള്‍ ഉണ്ട്. കണ്ണൂരിന്റെ കുടജാദ്രിയെന്നും ഊട്ടിയെന്നും പാലക്കയത്തിനെ വിശേഷിപ്പിക്കുന്നു. വൈവിധ്യങ്ങളായ ജൈവ സമ്പത്തുള്ള ഇടം കൂടയാണ് ഇവിടം. പാലക്കയം തട്ടില്‍ നിന്നുകൊണ്ട് വിദൂരകാഴ്ച ആസ്വദിക്കുവാനായി ചതുരത്തിലുള്ള സിമന്റ് ഫ്രെം ഒരുക്കിയിട്ടുണ്ട്. പാലക്കയം തട്ടിലെത്തുന്നവര്‍ ഫ്രെയ്മിനരികില്‍ നില്‍ക്കുന്ന ചിത്രവും പകര്‍ത്താറുണ്ട്. കാഴ്ചയുടെ മനോഹാരിത, അഡ്വഞ്ചര്‍ പാര്‍ക്ക്, ടെന്റ് ക്യാംപുകള്‍, വിശ്രമ സ്ഥലങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ശണങ്ങള്‍.
തളിപ്പറമ്പ്-നടുവില്‍-കുടിയാന്‍മല ബസില്‍ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാല്‍ 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയത്തെത്താം. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശന സമയം. ഉദയാസ്തമനങ്ങളും, കണ്ണൂറിന്റെ മുഴുവന്‍ കാഴ്ചയും പാലക്കയത്തിന് മുകളില്‍ നിന്ന് ദൃശ്യമാണ്. സാഹസിക റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലയുടെ അടിവാരത്ത് റിസോര്‍ട്ടുകളും താമസത്തിന് ലഭ്യമാണ്. പൈതല്‍ മല, കാഞ്ഞിരക്കൊല്ലി എന്നിവയും പാലക്കയത്തിനൊപ്പം സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ്.