തിരുവനന്തപുരം: സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്‌ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജി സുധാകരനെ സിപിഐഎം പുറത്താക്കുമെന്നാണ് വിവരം. തെറ്റ് തിരുത്തുന്നതിന് പകരം തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ ജനവിഭാഗത്തിന് മേൽ കൈയ്യുയർത്താനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.
ജി സുധാകരനെ അടുത്തയാഴ്ച സിപിഐഎം പുറത്താക്കും. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയാണ് പാർട്ടി പുറത്താക്കുന്നതെങ്കിൽ അവരെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കും. പിണറായി വിജയന്റെ കുടുംബ വാഴ്ചയും അധികാര ദുർവിനിയോഗവുമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പരാജയത്തിന് പിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചു. കേരളത്തിൽ കുടുംബാധിപത്യ ഭരണമാണ് കാഴ്ച വയ്‌ക്കുന്നതെന്നും അത് ഇല്ലാതാക്കാൻ സിപിഐഎമ്മിന് കെൽപ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പണ്ടൊക്കെ സിപിഎമ്മിൽ നിന്നും പുറത്താകുന്നവർ അനാഥമാവുമായിരുന്നെങ്കിൽ ഇന്ന് 20 ശതമാനം വോട്ടുള്ള എൻഡിഎ ഇവിടെയുണ്ട്. ഒരിക്കലും വർഗീയ പ്രീണന രാഷ്ട്രീയത്തെ ബിജെപി പ്രോത്സാഹിപ്പിക്കില്ല. വികസന രാഷ്ട്രീയം ഉയർത്തിയാവും എൻഡിഎ ന്യൂനപക്ഷങ്ങളെ സമീപിക്കുകയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
ക്രൈസ്തവ നേതൃത്വത്തെയും സിപിഎം ഭീഷണിപ്പെടുത്തുകയാണ്. ബിജെപിക്ക് വോട്ട് ചെയ്തവരെ വേട്ടയാടാൻ അനുവദിക്കില്ല. എസ്എഫ്ഐയെ ഉപയോഗിച്ച് നാട്ടിൽ കലാപം അഴിച്ചുവിടുകയാണ് സിപിഎം ചെയ്യുന്നത്. പ്രിൻസിപ്പൽമാർക്ക് കോളേജിൽ പ്രവേശിക്കാനാവാത്ത സാഹചര്യമാണുള്ളത്. ഇതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പോരാടാനാണ് ബിജെപിയുടെ തീരുമാനമെന്ന് സുരേന്ദ്രൻ പറഞ്ഞു.
എൽഡിഎഫ് അല്ലെങ്കിൽ യുഡിഎഫ് എന്ന സ്ഥിതി കേരളത്തിൽ മാറി. മൂന്നാമതൊരു ശക്തി കൂടി വന്നു. ഇത് കേരളമാണ് ബിജെപിക്ക് ബാലികേറാമലയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ആ കേരളത്തിൽ ബിജെപി ഒന്നാമതുമെത്തി രണ്ടാമതും എത്തി. എൽഡിഎഫിനും ബിജെപിക്കും ഒരേ സീറ്റാണ് കിട്ടിയത്. അധികം വൈകാതെ ബിജെപി കേരളം ഭരിക്കും. മാരാർജി മുതലുള്ള നേതാക്കൾ കേരളം മുഴുവൻ നടന്ന് പ്രവർത്തിച്ചതാണ് ഈ വിജയത്തിന്റെ അടിത്തറ.
തനിക്ക് മുമ്പേ പ്രവർത്തിച്ച എല്ലാ സംസ്ഥാന അദ്ധ്യക്ഷൻമാർക്കുമാണ് വിജയത്തിന്റെ ക്രെഡിറ്റ്. ബലിദാനികളുടെ പ്രസ്ഥാനമാണ് ബിജെപി. വിശ്വസിച്ച ആദർശത്തിന് വേണ്ടി പ്രവർത്തിക്കാനിറങ്ങിയതിന്റെ പേരിൽ നൂറുകണക്കിന് പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു. പ്രധാനമന്ത്രിയും ദേശീയ നേതാക്കളും എപ്പോഴും കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് പറയാറുണ്ട്. അത് ഇവിടുത്തെ പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിനുള്ള അംഗീകാരമാണ്. ഈ വിജയത്തിലും അമിതമായി ആഹ്ലാദിക്കാനും സന്തോഷിക്കാനും ഒന്നുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.