കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. വാഹനത്തിന്റെ ആർസി ഓണർ മൊറയൂർ സ്വദേശി സുലൈമാനെതിരെ ഒമ്പതുകേസും 45,500 രൂപ പിഴയും ചുമത്തി.
കഴിഞ്ഞ ഏഴിന് വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ പോലീസിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്. വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്യാനും ശിപാർശ ചെയ്തിട്ടുണ്ട്. അതേസമയം ആകാശ് ഓടിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽ നിന്ന് തേടിയിരുന്നു. ആകാശിന്റെ ലൈസൻസ് വിവരങ്ങൾ ലഭിച്ചാൽ ലൈസൻസ് ഇല്ലെന്ന കുറ്റം ഒഴിവാകും.
ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ജീപ്പ് ഉടന്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതിനൊപ്പം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
അന്വേഷണത്തിൽ ഇതേവാഹനത്തിന്റെപേരിൽ സമാനകേസുകളുണ്ടെന്നു കണ്ടെത്തിയിരുന്നു. 2023 ഒക്ടോബറിൽ വയനാട്ടിൽനിന്നുതന്നെ വാഹനയുടമയ്ക്ക് ഇ-ചെലാൻ അയച്ചിട്ടുണ്ട്.
ആകാശ് തില്ലങ്കേരി ഇൻസ്റ്റഗ്രാം റീൽ പങ്കുവെച്ചതോടെയാണ് യാത്ര വിവാദമായത്. പനമരം-മാനന്തവാടി റോഡിൽ പനമരം ടൗൺ, നെല്ലാറാട്ട് കവല, ആര്യന്നൂർനട എന്നിവിടങ്ങളിലൂടെ വാഹനം ഓടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് പിന്നീട് പിന്‍വലിച്ചിരുന്നു.