തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ബിജെപിയെന്ന് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ചു. ആന്ധ്രയിലെ വിജയത്തോടെ ഇന്ത്യ മുഴുവനുമുള്ള പാര്‍ട്ടിയാണെന്ന് തെളിഞ്ഞുവെന്നും ജെ പി നദ്ദ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.
‘രാജ്യത്ത് ആശയത്തില്‍ അധിഷ്ടിതമായുള്ള പാര്‍ട്ടി ബിജെപി മാത്രമാണ്. കേരളത്തില്‍ മികച്ച വിജയത്തിനായി കാത്തിരിക്കുകയാണ്. തിരുവനന്തപുരത്തും ആറ്റിങ്ങലിലും തോല്‍വിയല്ല ജയമാണ് ഉണ്ടായത്. കോണ്‍ഗ്രസിന് വലിയ വിജയമെന്നാണ് പ്രചരിപ്പിക്കുന്നത്. 13 സംസ്ഥാനങ്ങളില്‍ അവര്‍ക്ക് സീറ്റ് നേടാന്‍ കഴിഞ്ഞിട്ടില്ല. പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് കോണ്‍ഗ്രസ് ജയിച്ചത്. പരാദ ജീവിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുക’, നദ്ദ പറഞ്ഞു.
രാജ്യത്ത് കോൺഗ്രസിനും ഇടത് പാര്‍ട്ടികൾക്കും ഒരു ആശയവുമില്ല. കേരളത്തിൽ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായെത്തിയ അദ്ദേഹം തൃശ്ശൂരിലെ വിജയത്തിൽ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. തിരുവനന്തപുരത്തും ആറ്റിങ്ങലിലും തോൽവിയല്ല ജയമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
15,000 പാർട്ടികൾ ഇന്ത്യയിലുണ്ടെങ്കിലും ബി.ജെപി മാത്രമാണ് ആശയത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. 2014 ന് മുമ്പും ശേഷവും നമ്മൾ പരിശോധിക്കണം. 2014 ന് മുമ്പ് രാജ്യത്ത് അഴിമതിയും ഇരുട്ടുമായിരുന്നു. നയപരമായ സ്തംഭനമുള്ള രാജ്യം. ഒരു അധികാരവുമില്ലാത്ത പ്രധാനമന്ത്രി ഭരിച്ച ഇന്ത്യ. എന്നാൽ ഇപ്പോൾ വെളിച്ചവും സുതാര്യതയും വന്നിരിക്കുന്നു. നിലപാടും വൈദഗ്ധ്യവുമുള്ള ഇന്ത്യയാണ് ഇന്നുള്ളത്. ശക്തനായ ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നത്.
നേരിട്ടുള്ള ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ അഴിമതി ഇല്ലാതായി. സൗജന്യ റേഷനിലൂടെ ദാരിദ്രത്തെ തുടച്ചു നീക്കാനായി. രാജ്യം ഇന്ന് സാമ്പത്തികമായി മുന്നേറുകയാണ്. ഏറ്റവും കൂടുതൽ വളർച്ചാനിരക്കുള്ള രാജ്യം ഇന്ത്യയാണ്. ലോകത്തിൻ്റെ വളർച്ചാ നിരക്കിൻ്റെ 15% ഇന്ത്യയുടെ സംഭാവനയാണ്. മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മോദി സർക്കാർ ഇന്ത്യയെ മാറ്റും. കേരളത്തിൽ ദേശീയപാതാ വികസനം നടക്കുകയാണ്. റെയിൽവെയും വിമാന സർവoസും മെച്ചപ്പെട്ടു. പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി കുറച്ച് കയറ്റുമതി ചെയ്യുന്നു -ജെ.പി. നദ്ദ പറഞ്ഞു.