പട്ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഒരു പരീക്ഷാർഥിയെയും നേരത്തെ അറസ്റ്റിലായ മറ്റൊരു വിദ്യാർഥിയുടെ പിതാവിനെയുമാണ് അറസ്റ്റ് ചെയ്തത്. ബിഹാറിൽ നിന്നാണ് ഇരുവരെയും സി.ബി.ഐ പിടികൂടിയത്.
ബിഹാറിലെ നളന്ദ, ദയ ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സി.ബി.ഐ അധികൃതർ അറിയിച്ചു. ഇതോടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി ഉയർന്നു. കേസിലെ മുഖ്യ ആസൂത്രകനായ അമൻ സിങ് ഉൾപ്പെടെ നേരത്തെ അറസ്റ്റിലായിരുന്നു.
ജൂൺ 23നാണ് സി.ബി.ഐ ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്തത്. ജൂൺ 27ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ, ജയ് ജലറാം സ്‌കൂൾ പ്രിൻസിപ്പൽ, ഫിസിക്‌സ് അധ്യാപകൻ, ഹിന്ദി മാധ്യമ സ്ഥാപന മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരൻ, മറ്റൊരു സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരും അറസ്റ്റിലായിരുന്നു.
മേയ് അഞ്ചിന് നടന്ന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണമുയർന്ന സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്.