മുംബൈ: മുംബൈയിൽ ശിവസേന നേതാവിൻ്റെ മകൻ ഓടിച്ച ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി മിഹിർ ഷാ അറസ്റ്റിൽ. ഇയാളുടെ അമ്മയേയും രണ്ട് സഹോദരിമാരേയും നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെ മിഹിർ ഷായേയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
സംഭവം നടന്ന് 72 മണിക്കൂറിന് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ശിവസേന – ഏക്നാഥ് ഷിന്ദെപക്ഷ നേതാവായ രാജേഷ് ഷായുടെ മകനാണ് മിഹിർ ഷാ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന കുറ്റത്തിനാണ് ഇയാളുടെ മാതാവിനേയും സഹോദരിമാരേയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അപകടത്തിന് പിന്നാലെ ബിഎംഡബ്യൂ കാർ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടിരുന്നു. 24 കാരനായ പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന. ഇയാളും സുഹൃത്തുക്കളും രാത്രി കയറിയ ബാറിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.
കഴിഞ്ഞദിവസം പ്രതിയുടെ അച്ഛനും ശിവസേന ഷിൻഡെ പക്ഷം നേതാവുമായ രാജേഷ് ഷായെയും ഇവരുടെ ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാജേഷ് രാജേഷ് ഷാക്ക് തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. 15,000 രൂപയുടെ ബോണ്ടിലാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്.
പാൽഘർ ജില്ലയിലെ ഷിൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം. കാർ വേർളിയിൽ വെച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 45കാരിയായ കാവേരി നഖാവ മരിക്കുകയും ഭർത്താവ് പ്രദീപിന് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിൽ പോവുകയും അപകടം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതോടെ, സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തി.