മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയിലെ പരമോന്നത ബഹുമതി സമ്മാനിച്ച് വ്ലാദിമിർ പുടിൻ. റഷ്യയിലെ ഓഡർ ഓഫ് സെന്റ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് പുടിൻ സമ്മാനിച്ചത്. ഇന്ത്യയിലെ ജനങ്ങൾ ഇത് സമർപ്പിക്കുന്നുവെന്ന് മോദി ബഹുമതി സ്വീകരിച്ചതിന് പിന്നാലെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈ ബഹുമതി സ്വീകരിക്കുന്നത്.
1698-ലാണ് സെന്റ് ആൻഡ്രുവിന്റെ പേരിലുള്ള ഈ ബഹുമതി നൽകിത്തുടങ്ങിയത്. സിവിലിയൻമാർ അല്ലെങ്കിൽ സൈനിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങൾക്ക് നല്കി വരുന്നതാണ് ഈ ബഹുമതി. 2019-ൽ പ്രഖ്യാപിച്ച പുരസ്കാരമാണ് ഇപ്പോൾ മോദിക്ക് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യ റഷ്യ നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയും ഇരുരാജ്യങ്ങൾക്കുമിടയിൽ സൗഹൃദം വളർത്തുന്നതിനും വേണ്ടി പ്രവർത്തിച്ച ഒരാളാണ് മോദി എന്ന നിലയ്ക്കാണ് ഈ ബഹുമതി പ്രഖ്യാപിച്ചത്.
പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
റഷ്യ – യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യൻ സേനയിലേക്ക് സഹായികളായി റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന മോദിയുടെ ആവശ്യം പുടിൻ അംഗീകരിച്ചു.
ഇതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിമർശനവുമായി യുക്രൈൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലൻസ്കി രംഗത്തെത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് കുറ്റവാളിയെ കാണുന്നു, നരേന്ദ്ര മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും സെലൻസ്കി പ്രതികരിച്ചു.
മോദിയുടെ സന്ദർശനത്തിൽ അമേരിക്കയും ആശങ്ക അറിയിച്ചിട്ടുണ്ട്. അതിനിടെ ഇന്ത്യയിൽ കോൺഗ്രസ് നേതാക്കൾ സെലൻസ്കിയുടെ പ്രസ്താവന ആയുധമാക്കി രംഗത്ത് വന്നു.
രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 22ാമത് ഇന്ത്യ- റഷ്യ ഉച്ചകോടിയുടെ ഭാഗമായി ഇന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനുശേഷം മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്.