Travel

ജൂലൈയിൽ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ ? എങ്കിൽ ആമ്പൽപ്പൂക്കളുടെ വർണക്കാഴ്ചയൊരുക്കി കൊല്ലാടിലേക്ക് പോകാം

പൂക്കളും അതിന്റെ സൗന്ദര്യവും ആസ്വാദിക്കാൻ ഇഷ്ടമുളളവരാണോ നിങ്ങൾ, എങ്കിൽ കൊല്ലാട് കിഴക്കുപുറം ഗ്രാമത്തിലെ പാടശേഖരത്തിൽ ആമ്പൽപ്പൂക്കളുടെ വർണക്കാഴ്ചകളിലേക്ക് ഒരു യാത്ര പോകാം. കൃഷി കഴിഞ്ഞ് ഏപ്രിലിൽ ഇവിടുത്തെ പാടശേഖരങ്ങളിൽ വെള്ളം കയറ്റിയിരുന്നു. മേയ് – ജൂൺ മാസങ്ങളിൽ ആമ്പൽ കിളിർത്ത് ജൂലൈയിൽ പൂക്കളായി. ആഗസ്റ്റ് വരെ ഇവിടെ എത്തുന്നവർക്കു പൂക്കൾ കാണാം. 200 ഏക്കറിലധികം വരുന്ന പാടം നിറയെ ഇവിടെ പൂക്കളുണ്ട്.

രാത്രിയിൽ വിരിഞ്ഞു രാവിലെ കൂമ്പുന്ന പൂക്കളുടെ അതിമനോഹര കാഴ്ച കാണാൻ അതിരാവിലെ തന്നെ എത്താൻ സഞ്ചാരികൾ ശ്രദ്ധിക്കണം. രാവിലെ 6 മുതൽ 9 വരെ ആമ്പൽകാഴ്ചകൾ കാണാം. കോട്ടയം ജില്ലക്കാര്‍ക്ക് കൗതുക കാഴ്ചയായി മാറിയിരിക്കുകയാണ് കൊല്ലാട് കിഴക്കുപുറം വയലുകളില്‍ ആമ്പല്‍ പൂക്കള്‍. കോട്ടയം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലാണ് ഈ പിങ്ക് വസന്തം, ഏക്കര്‍ കണക്കിന് പാടങ്ങളിലായാണ് സുന്ദരകാഴ്ചകളൊരുക്കി പൂക്കള്‍ പടര്‍ന്നു കിടക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് മഴവെള്ളം നിറഞ്ഞിരുന്ന ഈ വയലുകളിലെ ഇന്നത്തെ കാഴ്ച ഇതാണ്.

നോക്കെത്താ ദൂരം വരെ ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍കുന്നു. പാടങ്ങളില്‍ കൃഷി പുനരാരംഭിക്കുന്നതോടെ ആമ്പല്‍ പൂക്കള്‍ ഇല്ലാതാകുമെങ്കിലും ഇവിടുത്തെ പ്രകൃതി ഭംഗിക്ക് ഒരു കുറവും വരില്ല. അമ്പാട്ട് കടവ്, മലരിക്കൽ എന്നിവിടങ്ങളിൽ ഇതുവരെ പൂക്കൾ വിരിഞ്ഞു തുടങ്ങിയിട്ടില്ല എന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.എല്ലാ കൊല്ലവും ആമ്പല്‍ പൂക്കളുടെ പശ്ചാത്തലത്തില്‍ സൂര്യോദയവും സൂര്യാസ്തമനവും കാണാനാണ് സഞ്ചാരികള്‍ ഇപ്പോള്‍ ഇവിടേക്ക് എത്തുന്നത്.

വള്ളത്തില്‍ ആമ്പല്‍ കാടുകള്‍ക്കിടയിലൂടെ പൂക്കളെ തൊട്ട് തലോടി നീങ്ങാം. മുട്ടറ്റം വരെ മാത്രം വെള്ളമുള്ള സ്ഥലങ്ങളിലൂടെ വേണമെങ്കില്‍ നടന്ന് ആസ്വദിക്കാം. ആമ്പല്‍ക്കാടുകള്‍ക്കിടയിലൂടെ നടക്കുകയും ഫോട്ടോകള്‍ പകര്‍ത്തുന്നതിനുമാണ് തിരക്ക്. ആകാശത്തെ നീല നിറവും വെള്ളത്തിലെ പിങ്ക് നിറവും ചേരുമ്പോള്‍ വശ്യമായ സൗന്ദര്യം ഈ സ്ഥലത്തിന് ലഭിക്കുന്നു.