ആരോഗ്യ കേന്ദ്രങ്ങളിൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കരുതെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം. രോഗികളുടെ സ്വകാര്യത ലംഘിക്കുന്ന ഏതൊരു തരത്തിലുള്ള ഫോട്ടോഗ്രാഫി, വീഡിയോ റെക്കോർഡിംഗും നിയമലംഘനമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, രോഗികളുടെ സ്വകാര്യത എല്ലാവരും മാനിക്കണമെന്നും മെഡിക്കൽ ഡാറ്റ സംരക്ഷണം തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്നാണെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
70/2020 നിയമത്തിലെ 21-ാം വകുപ്പ് പരാമർശിച്ച്, ആശുപത്രിയിലോ മറ്റ് ചികിത്സാ സ്ഥാപനങ്ങളിലോ ഉള്ള രോഗികളെയോ പ്രാക്ടീഷണർമാരെയോ മൂന്നാം കക്ഷി ഫോട്ടോയെടുക്കുകയോ വീഡിയോയെടുക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഇതിന് രോഗികളിൽ നിന്നോ സ്ഥാപനത്തിന്റെ മാനേജ്മെന്റിൽ നിന്നോ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്.
അതേ നിയമത്തിലെതന്നെ പ്രൊഫഷണൽ പ്രാക്ടീസ് നിയമം, രോഗിയുടെ വ്യക്തിപരമായ വിവരങ്ങളും ഐഡന്റിറ്റിയും വെളിപ്പെടുത്താതെ രോഗിയുടെ സമ്മതം വാങ്ങിയ ശേഷം വിദ്യാഭ്യാസം, രേഖകൾ, ഗവേഷണം എന്നിവയ്ക്കായി ഏതെങ്കിലും തരത്തിലുള്ള റെക്കോർഡിംഗ് നടത്താൻ പ്രൊഫഷണലുകൾക്ക് അനുമതി നൽകുന്നുണ്ട്.