മുന്തിരി കൃഷിയുടെ അമ്പരപ്പിക്കുന്ന കാഴ്ചകള്‍ കാണണമെങ്കില്‍ നേരെ വിട്ടോളൂ തമിഴ്‌നാട്ടിലെ കമ്പം-തേനിയിലേക്ക്. തേനി ജില്ലയിലെ കമ്പം, പെരിയ കുളം, ചുരുളിപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ മുന്തിരിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നൂറുകണക്കിന് സഞ്ചാരികളാണ് അതിര്‍ത്തികടന്ന് പോകുന്നത്. തമിഴ്‌നാട്ടില്‍ പൊതുവേ ചൂടുള്ള കാലാവസ്ഥയാണ്. എന്നാല്‍ കൃത്യമായ നനയ്ക്കലും കൃത്യമായ തണലും കൊടുക്കുന്നതിനാലാണ് ഇവിടുത്തെ മുന്തിരിത്തോട്ടങ്ങള്‍ ഇത്രയേറെ പ്രശസ്തിയാവുന്നത്. ദിവസേന കടകളില്‍ നിന്നും മാത്രം മുന്തിരി മേടിച്ചിട്ടുള്ള നമ്മള്‍ അവിടെ ചെന്ന് കഴിഞ്ഞാല്‍ ഒരു പ്രത്യേക അനുഭവം ലഭിക്കും. എന്താണെന്നോ..നമുക്ക് ആവശ്യത്തിനുള്ള മുന്തിരികള്‍ തോട്ടത്തില്‍ നിന്നും അപ്പോള്‍ തന്നെ പറിച്ചു നമ്മുടെ കൈകളിലേക്ക് വെച്ചു തരും.
കാഴ്ചകള്‍ കാണാന്‍ മാത്രമല്ല പലരും വിവാഹ ഫോട്ടോകള്‍ എടുക്കാനും വിവാഹ ആല്‍ബങ്ങള്‍ ചിത്രീകരിക്കാനും പോലും ഇവിടുത്തെ മുന്തിരിത്തോട്ടങ്ങളില്‍ എത്തുന്നുണ്ട്. കമ്പം തേനിയിലെത്തി മുന്തിരിത്തോട്ടങ്ങള്‍ കണ്ട് ചുരുളിപ്പെട്ടി വെള്ളച്ചാട്ടത്തില്‍ പോയി കുളിച്ചതിനുശേഷം ആണ് പലരും ഇവിടെ നിന്നും മടങ്ങുന്നത്. ജില്ലയിലെ വൈഗ അണക്കെട്ട്, മേഘമല, വീര പാണ്ടി ശനീശ്വരന്‍ കോവില്‍ എന്നിവിടങ്ങളിലേക്കും ധാരാളം സഞ്ചാരികളാണ് ദിവസേന എത്തുന്നത്.
തമിഴ്നാട്ടില്‍ മുന്തിരി ഉത്പാദിപ്പിക്കുന്ന പ്രധാന പ്രദേശങ്ങളിലൊന്നാണ് തേനി ജില്ല. സംസ്ഥാനത്ത് ആകെ 2800 ഹെക്ടര്‍ സ്ഥലത്താണ് മുന്തിരി കൃഷി ചെയ്യുന്നത്. അതില്‍ തേനി ജില്ലയില്‍ മാത്രമുളള തോട്ടങ്ങള്‍ ഏകദേശം 2184 ഹെക്ടര്‍ വരും. അതായത് തമിഴ്നാട്ടിലെ മൊത്തം മുന്തിരി പ്രദേശത്തിന്റെ 78 ശതമാനവും തേനിയില്‍ കാണാം.ബ്ലാക്ക് സീഡും, ഗ്രീന്‍ സീഡില്ലാത്ത മുന്തിരിയും ഈ ജില്ലയില്‍ കൃഷി ചെയ്യുന്നു. ചെന്നൈ, തിരുച്ചിറപ്പള്ളി, ബാംഗ്ലൂര്‍, മുംബൈ, കൊല്‍ക്കത്ത, കേരളത്തിലുടനീളമുള്ള മുന്തിരി വിതരണത്തിന്റെ പ്രധാന സ്രോതസ്സാണ് ജില്ല. ജില്ലയിലെ മണ്ണും കാലാവസ്ഥയും മുന്തിരി കൃഷിക്ക് വളരെ അനുയോജ്യമാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ കമ്പം പ്രദേശം. സമൃദ്ധമായ പോഷകങ്ങളാല്‍ അനുഗ്രഹീതമായ മണ്ണ്, മുന്തിരി കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. വലിയ കൃഷിയിടങ്ങള്‍ ഉള്‍ക്കൊള്ളുന്ന താഴ്വരയില്‍ നെല്ല്, പച്ചക്കറികള്‍, മുന്തിരിത്തോട്ടങ്ങള്‍, വാഴ, പേര തുടങ്ങിയ വിളകള്‍ ഉള്‍പ്പെടുന്നു. ‘ദക്ഷിണേന്ത്യയുടെ ഹരിത താഴ്വര’ എന്നറിയപ്പെടുന്ന കമ്പത്തെ ഗ്രേപ്സ് സിറ്റി എന്നാണ് വിളിക്കുന്നത്.