Crime

കോഴിക്കോട് വയോധികയെ ആക്രമിച്ച് രണ്ടുപവന്‍റെ മാല കവര്‍ന്നു; പ്രതിയായ ഓട്ടോ ഡ്രൈവര്‍ നഗരത്തിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍. അന്വേഷണത്തില്‍ ഇയാളാണെന്ന് പ്രതിയെന്ന് ആദ്യം കണ്ടെത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ കുറ്റം നിഷേധിക്കുകയായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ കുറ്റം നിഷേധിച്ചതോടെ പോലീസും ഒന്നും സംശയത്തിലായി. എന്നാല്‍, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും ചോദ്യംചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഓട്ടോയില്‍ കയറിയ വയനാട് സ്വദേശിനിയായ 69-കാരിയെ ആക്രമിച്ച് രണ്ടുപവന്റെ സ്വര്‍ണമാല കവര്‍ന്നത്. ഇതിനുശേഷം വയോധികയെ റോഡില്‍ തള്ളി ഇയാള്‍ കടന്നുകളയുകയുംചെയ്തു.

ഓട്ടോയില്‍നിന്നുള്ള വീഴ്ചയില്‍ പരിക്കേറ്റ ഇവര്‍ ഒരുമണിക്കൂറോളമാണ് വഴിയരികില്‍ കിടന്നത്. ഇതിനിടെ ചിലരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ബസില്‍ കയറി കൂടരഞ്ഞിയിലെ സഹോദരന്റെ വീട്ടിലെത്തിയശേഷമാണ് ആശുപത്രിയില്‍ ചികിത്സതേടിയത്.

അതേസമയം, സ്ഥിരം മദ്യപിക്കുമെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തകനാണ് പ്രതിയെന്നത് പോലീസിനെ ഞെട്ടിച്ചു. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ ഇടപെട്ടിരുന്നതായാണ് പോലീസ് പറയുന്നത്.