ആഗോള സമാധാന സൂചിക 2024-ൽ ഒമാൻ സുൽത്താനേറ്റ് ഗണ്യമായ കുതിപ്പ് കൈവരിച്ചു. ആഗോളതലത്തിൽ 37-ാം സ്ഥാനത്തേക്ക് ഉയരുകയും മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. 2023-ൽ 48-ാം സ്ഥാനത്തും 2022-ൽ 64-ാം സ്ഥാനത്തും 2021-ൽ 73-ാം സ്ഥാനത്തുമായിരുന്നു രാജ്യം. തുടർച്ചയായി എല്ലാ വർഷങ്ങളിലും മുന്നേറ്റം കാഴ്ച്ച വെച്ചത് രാജ്യത്തെ സ്ഥിരമായ പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ഗ്ലോബൽ പീസ് ഇൻഡക്‌സിൽ 163 രാജ്യങ്ങളുടെ സമാധാന നിലയാണ് അളക്കുന്നത്. സമൂഹത്തിലെ സുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്ര സംഘർഷങ്ങൾ, സൈനികവൽക്കരണം എന്നിവ ഇതിൽ പരിശോധിക്കപ്പെടുന്നു. 2024 ൽ ആഗോള സൈനിക ശേഷിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അറബ് ലോകത്തെ ഏറ്റവും സമാധാനപരമായ രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ മൂന്നാം സ്ഥാനത്താണ്. കുവൈത്ത് ഒന്നാം സ്ഥാനവും (ലോക പട്ടികയിൽ 25), ഖത്തർ രണ്ടാം സ്ഥാനവും (ലോക പട്ടികയിൽ 29), യുഎഇ നാലാം സ്ഥാനവും (ലോക പട്ടികയിൽ 53) കരസ്ഥമാക്കി