കാളിന്ദി
ഭാഗം 8
കുടുംബത്തിലെ ആണുങ്ങൾക്കും കുഞ്ഞുങ്ങൾക്കും ഒക്കെ ഭക്ഷണം കൊടുത്തു കഴിഞ്ഞാൽ, ഞങ്ങൾ സ്ത്രീ ജനങ്ങൾ ഒക്കെ, ഇത്തിരി കഞ്ഞിയുടെ വെള്ളവും,അല്പം അച്ചാറും ഉപ്പും കൂട്ടി കുടിക്കും…. അതാണ് അന്നത്തെ ഒക്കെ ആഹാരം ”
” ശോ വിശക്കില്ലേ അപ്പോൾ… ”
വിശപ്പൊക്കെ കാണും, പിന്നെ നമ്മൾ ആരോടു പരാതി പറയാനാ…..
അതൊക്കെയൊരു കാലം ആയിരുന്നു കുഞ്ഞേ….ഇപ്പോളത്തെ കുട്ടികൾക്ക് ഒക്കെ അത് പറഞ്ഞാൽ മനസിലാകില്ല…
അച്ഛമ്മ എഴുന്നേറ്റു കൊണ്ട് പറഞ്ഞു
” കല്ലു മോളെ ഒരുപാട് സമയം എണ്ണ തേച്ച് പിടിപ്പിച്ച് തലനീരിറക്കാൻ നിൽക്കണ്ട നീ പോയി കുളിക്ക് കേട്ടോ”
” ആഹ് ശരി അച്ഛമ്മേ… ”
” ലേശം ചെമ്പരത്തി യില പൊട്ടിച്ച് താളി ഉണ്ടാക്കു മോളെ, എന്നിട്ട് ആ വെള്ളത്തിൽ തലമുടി കഴുകിയാൽ മതി കേട്ടോ ”
” അച്ഛമ്മേ.. പ്ലീസ് അതുമാത്രം എന്നോട് പറയരുത്… എന്റെ കയ്യിൽ ഷാമ്പു ഉണ്ട്…ഞാൻ അത് ഇട്ടു കഴുകാം…. ”
” എന്റെ മോളെ ഇത് ഒക്കെ തേച്ച് നിന്റെ തലമുടി മുഴുവൻ ഊരി പോകും, ഇല്ലെങ്കിൽ കണ്ടോ ”
” എന്നാൽ ശരി ഞാൻ ചെമ്പരത്തിയില പൊട്ടിച്ചു എടുക്കട്ടെ ”
കാളിന്ദി മനസ്സില്ല മനസ്സോടെ തൊടിയിലേക്ക് ഇറങ്ങി…
അവൾ ഇല എടുത്തുകൊണ്ടു വന്നപ്പോൾ അച്ഛമ്മ കൊട്ടൻചുക്കാദി തിരുമ്മി കാലിൽ പിടിപ്പിക്കുകയാണ്…..
കല്ലും അടുക്കളയിലേക്ക് ചെന്ന് അച്ഛമ്മയ്ക്ക് കുളിക്കുവാനുള്ള വെള്ളം വെച്ചു..
” അച്ഛമ്മേ…… നാളെ കാപ്പിക്ക് ദോശ ഉണ്ടാകട്ടെ…. ” അവൾ വിളിച്ചു ചോദിച്ചു.
“നിനക്കിഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ ഉണ്ടാക്കിക്കോ മോളെ.. അതിന് അച്ചമ്മയോട് ചോദിക്കേണ്ട കാര്യമുണ്ടോ…
അവർ പറഞ്ഞു.
കാളിന്ദി ചെമ്പരത്തിലയും ആയിട്ട് അലക്ക് കല്ലിന്റെ അടുത്തേക്ക് പോയി…
അവയെല്ലാം നന്നായി അരച്ചെടുത്ത് പതപ്പിച്ച് നല്ല അസല് താളി ഉണ്ടാക്കി…
കല്ലു മോളെ വിളക്ക് വയ്ക്കാറായി നീ കുളി കഴിഞ്ഞില്ലേ ഇതുവരെ…..
” ദേ കഴിഞ്ഞു അച്ഛമ്മേ ഒരു അഞ്ചുമിനിറ്റ്”
കുളി കഴിഞ്ഞ് ഇറങ്ങി വന്നിട്ട് അവൾ അച്ഛമ്മയ്ക്ക് കുളിക്കുവാനുള്ള ചൂടുവെള്ളം എടുത്ത് ബാത്റൂമിൽ കൊണ്ടുപോയി ഒഴിച്ചു വെച്ച്..
അപ്പോഴേക്കും അവളുടെ ഫോൺ ശബ്ദിച്ചു..
അവൾ അത് എടുത്തു നോക്കി.
ട്യൂഷൻ പഠിപ്പിക്കൻ പോകുന്ന വീട്ടിലെ ചേച്ചിയാണ്…
“ഹെലോ….. സുമ ചേച്ചി….
അതെയോ ചേച്ചി ഇപ്പോൾ എവിടെ നിൽക്കുന്നത്, ആ ഞാൻ വരാ ചേച്ചി ഒരു പത്തുമിനിറ്റ്…. ഈ വിളക്ക് ഒന്ന് കൊളുത്തട്ടെ “അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.
അച്ഛമ്മ കുളിക്കാൻ കയറിയോ….
എന്താ മോളെ… ആരാ വിളിച്ചത്…
സുമ ചേച്ചി ട്യൂഷൻ ഫീസ് തരാം എന്ന് പറഞ്ഞു.. അമ്പലത്തിൽ പോകാനായി അവർ മരച്ചോടു കവലയുടെ അവിടെ വന്നിട്ടുണ്ട്..
” ഇനി ഇന്ന് പോണോ മോളെ സന്ധ്യയായി… ”
” ഞാൻ പെട്ടെന്ന് വരാം അച്ഛമ്മേ… ഒരഞ്ചു മിനിറ്റ്… അങ്ങനെയാണെങ്കിൽ നാളെ നമ്മൾക്ക് പോയി മൊബൈൽ ഫോൺ മേടിക്കാം ”
വിളക്ക് കൊളുത്തിക്കഴിഞ്ഞ് അവൾ മുറ്റത്തേക്ക് എറിഞ്ഞു വിളിച്ചു പറഞ്ഞു…
ട്യൂഷൻ ഫീസ് മേടിച്ചു കൊണ്ട് കല്ലു വേഗം തന്നെ തിരിച്ചെത്തിയിരുന്നു…
അലമാരയിൽ നിന്നും പേഴ്സ് എടുത്തു കൊണ്ടുവന്ന അവളും മുത്തശ്ശിയും കൂടെ സൂക്ഷിച്ചു വെച്ചിരുന്ന പൈസ എല്ലാം എടുത്ത് എണ്ണി നോക്കി തിട്ടപ്പെടുത്തി…
ഈ കാശിനുള്ളത് മേടിക്കാം അല്ലെ അച്ഛമ്മേ….
തികയുമോ മോളെ..
പിന്നെ തികയാതെ ഇതിനുള്ളതൊക്കെ മതി…. എനിക്ക് പിഎസ്സി ടെ ഒരു പരീക്ഷ വരുന്നുണ്ട് അച്ഛമ്മേ, ഒരു ടെസ്റ്റും കൂടെ മേടിക്കണം…..
അവൾ കസേരയിൽ നിന്നും എഴുന്നേറ്റു ..
” എന്റെ ദൈവമേ എത്രയും പെട്ടെന്ന് എന്റെ കുഞ്ഞിന് ഒരു ജോലി കിട്ടിയാൽ മതിയായിരുന്നു… ”
” കിട്ടും അച്ഛമ്മേ….. അതിനല്ലേ ഞാൻ ഈ കഷ്ടപ്പെട്ട് പഠിക്കുന്നത്,, എന്നിട്ടേ ഉള്ളു ബാക്കിയെല്ലാം”
” നീ എന്താ മോളെ ഉദ്ദേശിച്ചത്”
” ഞാൻ പ്രത്യേകിച്ചൊന്നും ഉദ്ദേശിച്ചില്ല…. അച്ഛമ്മ പോയി സീരിയൽ കാണ്… ഞാൻ രണ്ട് അക്ഷരം വായിച്ചു പഠിക്കട്ടെ ”
അവൾ തന്റെ കയ്യിലിരുന്ന് പിഎസ്‌സി പുസ്തകവുമായി മുറിയിലേക്ക് പോയി….
*********
ഈ സമയത്ത് ശോഭയും ശ്രീക്കുട്ടിയും കണ്ണന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ്.
ഉച്ചകഴിഞ്ഞപ്പോൾ ഇറങ്ങിപ്പോയതാണ്. ഇതുവരെ വന്നിട്ടില്ല. അതിനിടയ്ക്ക് രാജിയും അമ്മയെ വിളിച്ച് അവൻ ദേഷ്യപ്പെട്ട കാര്യം പറഞ്ഞു, എന്നിരുന്നാലും രണ്ടിലൊന്ന് തീരുമാനിച്ച് നിൽക്കുകയാണ് എല്ലാവരും..
നേരം ഒരു എട്ടു മണിയായി കാണും..
കണ്ണന്റെ ബൈക്കിന്റെ ശബ്ദം കേട്ടു…
അതു മനസ്സിലാക്കിയ കൈസർ ഒന്നു കുരച്ചു..
ബൈക്ക് മുറ്റത്തേക്ക് വന്നതും അവൻ കൂട്ടിൽ കിടന്നു ചാടി മറിഞ്ഞു..
ബൈക്ക് ഓഫ് ചെയ്തിട്ട് കണ്ണൻ കൈസറിന്റെ അടുത്തേക്ക് ചെന്നു അവനെ അഴിച്ചു വിട്ടു…
കണ്ണനുമായി കുറച്ചു സമയം കളിച്ചിട്ടു കൈസർ ഓടി തിണ്ണയിലേക്ക് കയറി…
.
രാജൻ തിണ്ണയിൽ ഇരുന്ന് കുട്ടികളുടെ പാട്ട് ടിവിയിൽ കാണുകയാണ്…
കണ്ണൻ ആരെയും മൈൻഡ് ചെയ്യാതെ അവന്റെ റൂമിലേക്ക് പോയി..
ശോഭ അവൻ പോയതു നോക്കി നിന്നു.. ഭർത്താവ് അവരെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു. അത് കണ്ടതും ശോഭയ്ക്ക് കലിഇളകി..
ശ്രീക്കുട്ടി ഫ്രിഡ്ജ് തുറന്ന്, അമ്മ ഉണ്ടാക്കിവച്ച പൈനാപ്പിൾ ജ്യൂസ് എടുത്ത് ഒരു ഗ്ലാസിലേക്ക് പകർന്നു…
” കണ്ണേട്ടായി ഇന്ന ജ്യൂസ്….ഒന്ന് തണുക്കട്ടെ…. ”
അവൾ കണ്ണന്റെ അടുത്തേക്ക് ചെന്നു.
” എനിക്കു വേണ്ട നീ കുടിച്ചോ”
” അയ്യോ അതെന്തു പറ്റി ചേട്ടന് ഇഷ്ടമില്ലേ ജ്യൂസ്…”
” എനിക്കിപ്പോ വേണ്ടടി…. ഞാൻ ചോറുണ്ണാൻ പോവുക ”
“ഇത്തിരി കുടിക്ക് ചേട്ടാ അമ്മ ഉണ്ടാക്കി വെച്ചതല്ലേ……”
അവൾ നിർബന്ധിച്ചു.. കണ്ണൻ അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി….
വേണ്ടെന്നു പറഞ്ഞാൽ മനസ്സിലാകില്ലേ നിനക്ക്….. അവന്റെ ഒച്ച ഉയർന്നതും ശോഭ മുറിയിലേക്ക് വന്നു.
എന്താടി…. എന്താ ഇവിടെ ഒരു ഒച്ചയും ബഹളം ഒക്കെ
എന്റെ അമ്മേ… ഞാൻ ഈ ചേട്ടനോട് ഇത്തിരി പൈനാപ്പിൾ ജ്യൂസ് കുടിക്കാൻ പറഞ്ഞു അതിനാണ് ഈ കിടന്നു കൂവുന്നത്….
ആരാടി കൂവിയതു..
കണ്ണേട്ടൻ എന്തിനാ വെറുതെ ഒച്ച ഇടുന്നത് വേണ്ടെങ്കിൽ വേണ്ട കാര്യം തീർന്നു….ശ്രീക്കുട്ടി ജ്യൂസുമായി പുറത്തേക്ക് പോയി.
” എന്താടാ മോനെ നിനക്ക് ഒരു ദേഷ്യം പോലെ എന്താ എന്തുപറ്റി
… ”
” അമ്മ എന്താ ആളെ പൊട്ടൻ കളിപ്പിക്കുകയാണോ ”
” ഞാനോ…. ഞാൻ എന്തു ചെയ്തു എന്ന് ആണ് നി പറയുന്നത്”
” അമ്മയൊന്നും ചെയ്തില്ലല്ലേ… ബാപ്പുട്ടിയുടെ ഉമ്മാനോട് അമ്മ എന്തൊക്കെയാണ് പറഞ്ഞുകൊടുത്തത് ”
” ഞാനെന്തു പറയാനാ…. ഉമ്മ ഇങ്ങോട്ട് അല്ലേ വിളിച്ചത് ”
” ദേ അമ്മേ.. ഒരുപാട് ഒന്നും കളിക്കേണ്ട കേട്ടോ. എനിക്ക് മനസ്സിലായി എല്ലാം..
” എന്നാൽ പിന്നെ ഞാൻ കൂടുതൽ ഒന്നും പറയേണ്ടല്ലോ…. നിനക്ക് എന്നാണ് സമയം ”
” എന്തിന്”
” അല്ല ആ കൊച്ചിനെ ഒന്നു പോയി കാണാൻ ”
” ഏതു കൊച്ചിനെ ”
” ദേ ഇവൻ പിന്നെയും തുടങ്ങി”
” എനിക്ക് മനസ്സിലായില്ല അതുകൊണ്ടാണ്”
” പിന്നെ നീ ഉമ്മാനോട് സമ്മതിച്ചതോ ”
” എന്തോന്ന് സമ്മതിച്ചു”
” കണ്ണാ നീ എന്റെ കയ്യിൽ നിന്നും നല്ല വീക്ക് മേടിക്കും കേട്ടോ.. ” ശോഭ കപട ദേഷ്യത്തിൽ പറഞ്ഞു.
” അമ്മ വെറുതെ ഓരോന്നു പറഞ്ഞ് സമയം കളയാതെ പോയി ചോറ് വിളമ്പു, എനിക്ക് നല്ല വിശപ്പുണ്ട്”
” ശ്രീക്കുട്ടിയെ….കണ്ണന് ഇത്തിരി ചോറ് എടുക്കടി… ” ശോഭ വിളിച്ചു പറഞ്ഞു.
” എടാ കണ്ണാ….. ” ഇക്കുറി അല്പം മയപെട്ടാണ് ശോഭ മകനെ വിളിച്ചത്…
” മോനെ നീ ആ പെൺകുട്ടിയെ ഒന്നു പോയി കാണടാ… നിനക്ക് ഇഷ്ടമായെങ്കിൽ മാത്രം മതി, ഇല്ലെങ്കിൽ നമുക്ക് വേറെ നോക്കാം, അമ്മയുടെ ഒരു സമാധാനത്തിനാണ് ”
” എനിക്കാരെയും കാണണ്ട ഞാൻ അത് നേരത്തെ പറഞ്ഞല്ലോ”
” നീയല്ലാതെ പിന്നെ ആരാ കെട്ടാൻ പോകുന്ന പെണ്ണിനെ നേരിട്ട് കാണേണ്ടത് ”
” ആര് കെട്ടാൻ പോകുന്നമ്മേ… ”
“കണ്ണാ… എടാ…. അച്ഛനും അമ്മയും ഒന്നുമില്ലാത്ത ഒരു പാവം കൊച്ചാ… പത്തോ ഇരുപത്തിമൂന്നോ വയസ്സ് ഉള്ളൂ, കൂടെ ഒരു വല്യമ്മയെ ഒള്ളട, നീ ഒന്നു പോയി കണ്ടു നോക്ക്, ഞാനവരോട് വാക്കു പറഞ്ഞു ”
ശോഭ വീണ്ടും വീണ്ടും അവനെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണ്..
” അമ്മേ…. എല്ലാ അറിഞ്ഞുകൊണ്ടല്ലേ അമ്മ ഇങ്ങനെ സംസാരിക്കുന്നത് ”
” എന്തറിഞ്ഞെന്നാ… കുഞ്ഞ് പ്രായത്തിൽ പലരും പല കാര്യങ്ങളും പറയും, അതൊക്കെ നടക്കും എന്ന് കരുതിയാണോ, നിന്നോട് ചെറുപ്പത്തിലെ ഞാൻ പറയുമായിരുന്നു എന്റെ മോൻ വലുതാകുമ്പോൾ പോലീസ് ആകണമെന്ന് എന്നിട്ട് നീ ആയോ… എടാ അതൊക്കെ അന്നത്തെ കാലം… ഇപ്പോഴും ഇതും മനസ്സിൽ ഇട്ടുകൊണ്ട് നടക്കുന്ന നീ എന്തൊരു പൊട്ടനാണ് ”
” അതെ അമ്മേ അമ്മ പറഞ്ഞത് സത്യവാ ഞാൻ വെറും പൊട്ടനാ.. അതുകൊണ്ടല്ലേ എനിക്ക് ഇങ്ങനെയൊക്കെ പറ്റിയത്… “കണ്ണന്റെ ശബ്ദം ഒന്ന് പതറി
ശോഭ മറുത്തൊന്നും പറയാതെ മുറിവിട്ട് ഇറങ്ങിപ്പോയി…
അവർക്ക് മനസ്സിലായി അവന്റെ മനസ്സിന് വേദന ഉണ്ടെന്ന്.
ശ്രീക്കുട്ടി വന്ന കണ്ണനെ ചോറ് കഴിക്കാൻ വിളിച്ചെങ്കിലും, അവൻ ഇറങ്ങിച്ചെന്നില്ല,
വിശപ്പില്ലെന്നും പറഞ്ഞു കിടന്നു.
കുറച്ചുകഴിഞ്ഞ് ശോഭ തന്നെ വന്നു മകനെ വിളിച്ചു.
” വാടാ മോനെ വന്ന് വല്ലതും കഴിക്ക്…. വെറുതെ അത്താഴപ്പട്ടിണി കിടക്കണ്ട ”
” ഞാൻ കഴിച്ചോളാം അമ്മ ചെല്ല് ”
” ആ നീ വാ എല്ലാവർക്കും കൂടെ കഴിക്കാം…”
” വന്നേക്കാം പൊയ്ക്കോ”
” നിന്നോട് പെണ്ണ് കെട്ടാൻ ഒന്നും ഞാൻ ഇനി പറയില്ല മോനെ ഇനി അതിന്റെ പേരിൽ ഇവിടെ ഒരു ബഹളവും വഴക്കും വേണ്ട നീ വാ”
ശോഭ മകനെ വീണ്ടും നിർബന്ധിച്ചു..
അല്പം കഴിഞ്ഞ് അവൻ എഴുന്നേറ്റ് ഊണ് മേശയുടെ അരികിലേക്ക് ചെന്നു.
എല്ലാദിവസവും ശ്രീക്കുട്ടിയുടെ കോളേജ് വിശേഷങ്ങൾ ഒക്കെ കേട്ട് ഇരുന്നാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. അന്ന് മാത്രം ഒരു മൂകത അവിടെ തളം കെട്ടി നിന്നു..
കണ്ണൻ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റു..
ശോഭ പാത്രങ്ങളെല്ലാം കഴുകി വെച്ചിട്ട് കിടക്കാൻ പോകുകയായിരുന്നു..
” അമ്മേ ”
കണ്ണൻ വിളിച്ചു
അവർ നോക്കിയപ്പോൾ അവൻ വരാന്തയിൽ ഇരിക്കുകയാണ്.
” എന്താടാ മോനെ ‘
” ഞാൻ പെണ്ണുകാണാൻ ഒന്നും വരുന്നില്ല അമ്മയും രാജിയും അളിയനും ആയിട്ട് പോയി കാണു…. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ നോക്കാം
അതും പറഞ്ഞുകൊണ്ട് കണ്ണൻ തന്റെ മുറിയിലേക്ക് പോകാൻ തുടങ്ങി
അച്ഛന് കുടിക്കാനുള്ള വെള്ളം എടുക്കുവാൻ ആയി വന്ന ശ്രീക്കുട്ടിയും അത് കേട്ടു..
അവളോടി ഒന്ന് കണ്ണന്റെ കവിളിൽ ഉമ്മ കൊടുത്തു…
താങ്ക്യൂ ചേട്ടായി…. അവസാനം ചേട്ടായി ഒന്ന് സമ്മതിച്ചല്ലോ…. അവൾ അവനെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു.
” എന്റെ അമ്മേ ഇനി ആ പെണ്ണിന്റെ വീട്ടിൽ എങ്ങാനും അവര് എന്തെങ്കിലും എതിരു പറയുമോ.. ശരിക്കും അവർ അറിഞ്ഞത് പോലുമല്ല കാര്യം ഇതുവരെയും…. ഒരു കണക്കിനാണ് ചേട്ടനെ ഒന്ന് സമ്മതിപ്പിച്ചത്..
” എന്റെ പൊന്നു മോളെ എനിക്കൊന്നും അറിയില്ല…. സുമേഷും രാജിയും കൂടെ നാളെ പോകാൻ ഇരിക്കുക… എങ്ങനെയാണെന്ന് അവർ പോയി വന്നു കഴിഞ്ഞ് അറിയാം..
” അമ്മേ ഞാനൊരു കാര്യം പറയട്ടെ, അമ്മയും കൂടി അവർക്കൊപ്പം പോകു… എന്നിട്ട് അമ്മ ആ പെൺകുട്ടിയുടെ വല്യമ്മയോട് സംസാരിക്കാമോ…”
” എടി മോളെ, ജാതകം ഒക്കെ ചേരുമോടി ”
“അമ്മ വെറുതെ എന്നെ കൂടെ ടെൻഷൻ അടിപ്പിക്കാതെ… ഇത് ഏട്ടന് വിധിച്ച പെണ്ണ് തന്നെയാണ്, എനിക്ക് ഉറപ്പാ ”
” നമ്മൾ ആരും ഒന്നും കണ്ടില്ലല്ലോ ഡി പെണ്ണിനെ…. എനിക്ക് ആധി കയറിയിട്ട് വയ്യ ”
” സത്യം അമ്മേ എനിക്കും ”
” ഒരു കാര്യം ചെയ്യടി, നിങ്ങൾ രണ്ടുപേരും കൂടി ഇപ്പോഴേ പുറപ്പെട്ടു,,,,നാളെ കാലത്ത് എല്ലാവരും കൂടെ ആഘോഷമായിട്ട് പോയി പെണ്ണ് കണ്ടിട്ട് വന്നാൽ മതി ”
പിന്നിൽ നിന്ന് രാജൻ ദേഷ്യപ്പെട്ടു.
“ഹോ,എന്തൊരു നല്ല കാര്യത്തിന് ഇടങ്ങേറ് പറയാൻ ഇങ്ങേരെ കഴിഞ്ഞുള്ള വേറെ ആള് ”
ശോഭയ്ക്ക് കലി കയറി.
” നീ വന്ന് കിടക്കുന്നുണ്ടോ എനിക്ക് നാലുമണി ആവുമ്പൊ എഴുന്നേറ്റു റബർ വെട്ടാൻ പോകേണ്ടത് ആണ്… കിന്നാരം പറഞ്ഞോണ്ട് നിക്കുവാ രണ്ടും കൂടെ ”
” അച്ഛൻ പോയി കിടന്നോ… അമ്മ ഇപ്പൊ വരും ” ശ്രീക്കുട്ടി അച്ഛനെ അനുനയിപ്പിച്ചു.
” രണ്ടക്ഷരം വായിച്ചു പഠിച്ചിട്ടു പോയി കിടക്കാൻ നോക്കടി ശ്രീക്കുട്ടി.. പരീക്ഷയ്ക്ക് അധികം നാളില്ല ഓർത്തോണം….”
അയാൾ മകളെ നോക്കി കണ്ണുരുട്ടി മുറിയിലേക്ക് പോയി..
അത് കണ്ടതും ശോഭയും ശ്രീക്കുട്ടിയും നിന്ന് ചിരിച്ചു..
” അമ്മേ…..അമ്മ വിഷമിക്കേണ്ട…. നാളത്തെ ദിവസം നമ്മൾക്ക് ഒരുപാട് സന്തോഷം നിറഞ്ഞതായിരിക്കും ഉറപ്പ്.. ഇപ്പൊ അമ്മ പോയി കിടക്ക്”
ശ്രീക്കുട്ടി അമ്മയെ കിടക്കാനായി പറഞ്ഞുവിട്ടു.
തുടരും