കുവൈത്തിൽ ചെറിയ കുറ്റകൃത്യങ്ങൾക്ക് ഇനി തടവ് ശിക്ഷയില്ല. പകരം കുറ്റവാളികളെ സാമൂഹ്യ സേവന പ്രവൃത്തികളിൽ പങ്കാളികളാക്കും. സമൂഹത്തിന്റെ നന്മയ്ക്കായി കുറ്റവാളികളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചില കുറ്റകൃത്യങ്ങൾക്ക് രണ്ട് മാസത്തിൽ താഴെ തടവ് ശിക്ഷയ്ക്ക് പകരം സാമൂഹ്യസേവനം നൽകുന്ന പുതിയ നിയമം കുവൈത്ത് കൊണ്ടുവരുന്നത്.
ട്രാഫിക് ലംഘനങ്ങൾ, മുനിസിപ്പാലിറ്റി നിയമലംഘനങ്ങൾ, പ്രിന്റിംഗ് & പബ്ലിഷിംഗ് നിയമലംഘനങ്ങൾ എന്നിവ പോലുള്ള ചെറിയ കുറ്റങ്ങൾക്കാണ് ഇത് ബാധകമാവുക. ഇതു സംബന്ധിച്ച നിയമം തയ്യാറാക്കുകയാണെന്ന് നീതിന്യായ മന്ത്രിയും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രിയുമായ മുഹമ്മദ് അൽ വാസ്മിയെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമായ അൽഖബാസ് റിപ്പോർട്ട് ചെയ്തു.