Crime

ഗുണ്ടാ നേതാവ് തീക്കാറ്റ് സാജനെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നു പുതിയ കേസുകള്‍ കൂടി

തൃശൂര്‍: ഗുണ്ടാ നേതാവ് തീക്കാറ്റ് സാജനെതിരേ രണ്ടു പൊലീസ് സ്റ്റേഷനുകളില്‍ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈസ്റ്റ് പൊലീസ് സ്റ്റേഷനും സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസും ബോംബുവച്ച് തകര്‍ക്കുമെന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും കമ്മിഷണര്‍ ഓഫീസിലേക്കും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസ് എടുത്തത്.

തെക്കേ ഗോപുരനടയില്‍ ഗുണ്ടാനേതാവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ സംഘാംഗങ്ങളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതിലുള്ള വൈരാഗ്യത്താലായിരുന്നു ബോംബു ഭീഷണി.

കോടതിയുടെ ഉത്തരവോടുകൂടി അന്വേഷണ ചുമതലയുള്ള അസി. കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ സാജന്‍ താമസിക്കുന്ന പാണഞ്ചേരി കന്നാലിച്ചാല്‍ ദേശത്തെ സാജന്‍ താമസിക്കുന്ന വീട്ടില്‍ റെയ്ഡു നടത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും സാജനും കൂട്ടാളികള്‍ക്കുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.

വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനിടെ പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. രണ്ട് കൊലപാതക ശ്രമം ഉള്‍പ്പെടെ 14 കേസുകളാണ് തീക്കാറ്റ് സാജനെതിരെയുള്ളത്.