India

പൂഞ്ച് ഭീകരാക്രമണക്കേസ്: എൻ.ഐ.എ അന്വേഷിക്കും

ന്യൂഡൽഹി: കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ട സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ കേസെടുക്കുമെന്നും ഉദ്യോ​​ഗസ്ഥർ പറഞ്ഞു.

ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങൾക്കൊപ്പം കഴിഞ്ഞ വർഷത്തെ ആക്രമണത്തിന് ഏതെങ്കിലും പൊതുവായ ബന്ധമുണ്ടോയെന്ന് അന്വേഷണത്തിൽ കണ്ടെത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടപാടുകാരുടെ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.

2023 ഏപ്രിൽ 20ന് പൂഞ്ച് ജില്ലയിലെ ഭട്ടാ ധുരിയൻ പ്രദേശത്ത് നടന്ന ഭീകരാക്രമണത്തെ തുടർന്ന് വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതരായ ഭീകരർ വെടിയുതിർക്കുകയായിരുന്നു.