ഗസ്സ: മധ്യ ഗസ്സയിലെ ബുറേജി അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. അബു റസാസ് റൗണ്ട് എബൗട്ടിന് സമീപം കൂട്ടംകൂടിയ സാധാരണക്കാർക്കുനേരെയാണ് ആക്രമണമുണ്ടായത്. റോഡിൽ കളിക്കുകയായിരുന്ന അഞ്ച് കുട്ടികളും കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ മുതൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ഗസ്സ സിറ്റിയുടെ കൂടുതൽ ഉൾഭാഗങ്ങളിലേക്ക് ഇസ്രായേൽ ടാങ്കുകൾ എത്തി. ഇതേത്തുടർന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.
അതേസമയം, ഇസ്രായേൽ സൈനിക നീക്കം ശക്തമാക്കിയത് ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമുള്ള ചർച്ചകൾ അവതാളത്തിലാക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ഉത്തരവാദി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും സൈന്യവുമായിരിക്കുമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ പറഞ്ഞു.