World

യുഎസ്സില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു-Indian Student Dies After Falling Into Waterfall In US

ന്യൂയോര്‍ക്ക്: അമേരിക്കയിലെ അല്‍ബാനിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആന്ധ്രപ്രദേശില്‍ നിന്നുള്ള 26 കാരനായ യുവാവാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗോപാലപുരം മണ്ഡലത്തിലെ ചിയാലയില്‍ നിന്നുള്ള സായി സൂര്യ അവിനാഷ് എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റ് ജനറല്‍ ഖേദം പ്രകടിപ്പിച്ചു.

‘അവിനാഷിന്റെ മരണത്തില്‍ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ ഹൃദയംഗമായ അനുശോചനം അറിയിക്കുന്നു. യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ എന്‍ഒസി നല്‍കുന്ന ഉള്‍പ്പെടെയുള്ള എല്ലാ സഹായവും ഞങ്ങള്‍ നല്‍കും’,ഇന്ത്യന്‍ കോണ്‍സലേറ്റ് ജനറല്‍ പറഞ്ഞു. യുഎസിലെ ഇന്ത്യാനയിലെ ട്രെയിന്‍ സര്‍വ്വകലാശാലയില്‍ 2023-20024 ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു യുവാവ്. ജൂലൈ 7ന് യുവാവ് തന്റെ മൂത്ത സഹോദരിയുടെ കുടുംബത്തിനൊപ്പം സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. അവിടെനിന്ന് ഇരുകുടുംബങ്ങളും സമീപത്തെ വെള്ളച്ചാട്ടം കാണാന്‍ പോയി. ആ സമയത്ത് അബദ്ധത്തില്‍ യുവാവ് വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.

കഴിഞ്ഞമാസം മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ കൊല്ലപ്പെട്ടിരുന്നു. 32 കാരനായിരുന്നു ദാസരി ഗോപീകൃഷ്ണ എന്ന യുവാവായിരുന്നു മരിച്ചത്. ജൂണ്‍ 21 ന് യുഎസിലെ ടെക്‌സാസിലെ ഡാളസിലെ പ്ലസന്റ് ഗ്രോവിലുള്ള ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ നടന്ന മോഷണത്തിനിടെ മാരകമായി വെടിയേറ്റു മരിക്കുകയായിരുന്നു യുവാവ്.