സൗദി അറേബ്യയില്‍ തെറ്റായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചതിന് അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. അസദ് അല്‍ ഗാംഡി എന്ന അധ്യാപകനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 20 വര്‍ഷത്തെ കഠിന തടവാണ് ശിക്ഷ. 2022 നവംബറില്‍ സൗദി നഗരമായ ജിദ്ദയിലെ വീട്ടിലെ രാത്രികാല റെയ്ഡില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സൗദി അറേബ്യയിലെ രാജാവിന്റെയും കിരീടാ അവകാശിയുടെയും മതത്തെ വെല്ലുവിളിച്ചു, തെറ്റായ വാര്‍ത്തകളും കിംവതന്തികളും പ്രസിദ്ധീകരിച്ചു എന്നീ കുറ്റവുമാണ് ഗാഡിക്കെതിരെ ചുമത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ വിഷന്‍ 2030 ലെ പരിഷ്‌കരണ അജണ്ടയുമായി ബന്ധപ്പെട്ട പദ്ധതികളെയും അധ്യാപകന്‍ വിമര്‍ശിച്ചു. ഇതിന്റെ തെളിവുകളായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
തന്റെ ആക്ടിവിസവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ വച്ച് മരണമടഞ്ഞ സൗദിയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ അബ്ദുള്ള ഹമദിന് അനുശോചനം രേഖപ്പെടുത്തിയത് ആയിരുന്നു അധ്യാപകന്റെ മറ്റൊരു പോസ്റ്റ്. സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട് സൗദിയില്‍ കഴിഞ്ഞവര്‍ഷം മുഹമ്മദ് എന്ന ആള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. കൂടാതെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ 2022-ല്‍ നൗറ അല്‍-ഖഹ്താനി എന്ന ആള്‍ക്ക്
45 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു.