ന്യൂഡൽഹി: നീറ്റ്–യുജി പരീക്ഷയിൽ ക്രമക്കേടുണ്ടായ പട്ന, ഗോധ്‌ര കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന സ്കോർ നേടിയ വിദ്യാർഥികൾ വളരെ കുറവാണെന്നു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) വ്യക്തമാക്കി. പട്നയിലെ 12 പരീക്ഷാ കേന്ദ്രങ്ങളിലെ 175 വിദ്യാർഥികളും ഗോധ്‌രയിലെ 2 കേന്ദ്രങ്ങളിലെ 8 വിദ്യാർഥികളും മാത്രമാണ് 640നു മുകളിൽ മാർക്ക് നേടിയതെന്നാണ് എൻടിഎയുടെ വിശദീകരണം.
നീറ്റ്–യുജി പരീക്ഷയിൽ പട്നയിൽ ചോദ്യക്കടലാസ് ചോർച്ചയും ഗോധ്‌രയിൽ ഉത്തരക്കടലാസിൽ തിരിമറിയും നടന്നുവെങ്കിലും ഇതു നേരിട്ടു ബാധിക്കുന്നവർ വളരെ കുറവാണെന്ന വാദം ഉയർത്താൻ ഇതുൾപ്പെടെയുള്ള വിവരങ്ങൾ എൻടിഎ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നാണു വിവരം. ഇതിനിടെ, നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ചക്കേസിൽ ഒരു വിദ്യാർഥി ഉൾപ്പെടെ 2 പേരെ സിബിഐ പട്നയിൽ നിന്ന് അറസ്റ്റ് ചെയ്തു. നാളന്ദയിൽ നിന്നുള്ള വിദ്യാർഥി സണ്ണി, ഗയയിൽ നിന്നുള്ള മറ്റൊരു വിദ്യാർഥിയുടെ പിതാവ് രൺജിത് കുമാർ എന്നിവരാണ് പിടിയിലായത്.