തൃശൂർ: കാലടി ശ്രീ ശങ്കര കോളേജ് വിദ്യാർഥിനികളുടെ ഫോട്ടോകൾ അശ്ലീല ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെച്ച മുൻ വിദ്യാർത്ഥി നേതാവിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകിയേക്കും. കോളേജിലെ വിദ്യാർത്ഥിനികളിൽ ഒരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രവും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ രോഹിത് അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കാലടി ശ്രീശങ്കര കോളജിലെ ബിരുദ വിദ്യാർഥിനി നൽകിയ പരാതിയെ തുടർന്നാണ് എസ്. രോഹിതിന്റെ അറസ്റ്റ്. 19 പെൺകുട്ടികളുടെ ഫോട്ടോകൾ രോഹിത് വിവിധ അശ്ലീല ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. വ്യാജ ഐഡി ഉപയോഗിച്ചാണ് ഫോട്ടോകളും കമന്റുകളും പോസ്റ്റ് ചെയ്തത്. 2020 ൽ കാലടി ശ്രീശങ്കര കോളജിൽ ബിരുദം പഠനം പൂർത്തിയാക്കിയ രോഹിത് കൂടെ പഠിച്ചിരുന്നവരുടെയും ഇപ്പോൾ കോളജിൽ പഠിക്കുന്നവരുടെയും ഫോട്ടോകളാണ് ദുരുപയോഗം ചെയ്തത്.
അതേസമയം രോഹിത് എസ്എഫ്ഐ നേതാവ് അല്ലെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. ക്യാമ്പസിൽ പഠിക്കുന്ന കാലത്ത് പോലും എസ്എഫ്ഐയുടെ നേതൃത്വത്തിൽ രോഹിത് പ്രവർത്തിച്ചിട്ടില്ലെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിഷയത്തിൽ എസ്എഫ്ഐക്കെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കെഎസ്യു അടക്കം പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ.