സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യുന്ന മദ്യക്കുപ്പികളില്‍ ക്യൂആര്‍ കോഡ് പതിക്കുന്നതിന്റെ പരീക്ഷണം ഈ മാസം 12ന് തുടങ്ങുകയാണ്. സര്‍ക്കാര്‍ സ്ഥാപനമായ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിന്റെ മദ്യക്കുപ്പികളിലാകും ആദ്യം പരീക്ഷണം നടത്തുക. ഒരു മാസം നിരീക്ഷിച്ച് പോരായ്മകളുണ്ടെങ്കില്‍ പരിഹരിച്ചശേഷം മറ്റു മദ്യക്കമ്പനികള്‍ക്കും ഇത് ബാധകമാക്കും.
നിലവിലെ ഹോളോഗ്രാം ലേബലിന് പകരമാണ് പുതിയ സംവിധാനം ബിവറേജസ് കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തുന്നത്. കുപ്പികളില്‍ കൂടാതെ കെയ്‌സുകളിലും ക്യൂആര്‍ പതിക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മദ്യം എന്ന് ഉത്പാദിപ്പിച്ചു, ബാച്ച്, ഡിസ്റ്റിലറിയില്‍ നിന്ന് ചില്ലറവില്പന ശാലകളില്‍ എത്തും വരെയുള്ള വിവരങ്ങളടക്കം അറിയാനാകും. ചില്ലറവില്പന ശാലകളില്‍ സ്റ്റോക്കുള്ള മദ്യബ്രാന്‍ഡുകളുടെ വിശദാംശവും അറിയാം. സി ഡിറ്റാണ് ക്യൂആര്‍ കോഡ് ലേബല്‍ തയ്യാറാക്കുന്നത്. ഒരു ലേബലിന് 32 പൈസ മദ്യക്കമ്പനികള്‍ ബെവ്കോയ്ക്ക് നല്‍കണം. ലേബലുകള്‍ ഡിസ്റ്റിലറികളില്‍ എത്തിക്കും.
ക്യൂ ആര്‍ കോഡ് കൂടി വരുന്നതോടെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്ന രാജ്യത്തെ ആദ്യ മദ്യവിതരണ ഏജന്‍സിയാവും ബെവ്കോ. മദ്യത്തില്‍ നിന്നുള്ള വരുമാനം എങ്ങനെയൊക്കെ വര്‍ദ്ധിപ്പിക്കാമെന്ന പരീക്ഷണം കൂടിയാണിത്. മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് മദ്യത്തിന്റെ വിലയും, സ്‌റ്റോക്കും അറിയാനുമാകും. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇങ്ങനെയൊരു സംവിധാനം നടപ്പാക്കുന്നത് വലിയ മാറ്റത്തിനു വഴി വെയ്ക്കുമെന്നാണ് പ്രതീക്ഷ.
CONTENT HIGHLIGHTS;A QR code comes on the liquor bottle