കൊച്ചുകുട്ടികളുടെ കയ്യില്‍ പോലും കഠാര വച്ചു കൊടുക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം എംപി. തിരുവനന്തപുരം നഗരൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രൂരമായ ആക്രമണത്തില്‍ എട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പരിക്കേറ്റ് ആശുപത്രികളില്‍ ഉള്ളത്. അതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ ആക്രമണം നടത്തിയതെന്ന് റഹീം അഭിപ്രായപ്പെട്ടു.
ഇതില്‍ ഏറെ ഗൗരവരവമായ കാര്യം വധശ്രമത്തില്‍ നേരിട്ട് പങ്കെടുത്തതിന് അറസ്റ്റിലായ രണ്ടു പേര്‍ക്ക് 18വയസ്സ് പൂര്‍ത്തിയായിട്ടില്ല എന്നതാണ്. കൊച്ചുകുട്ടികളുടെ കയ്യില്‍ പോലും കഠാര വച്ചു കൊടുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കെ. സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ ആയ ശേഷം സംസ്ഥാനത്തൊട്ടാകെ പ്രത്യേകിച്ചും തിരുവനന്തപുരത്ത് ക്രിമിനലുകളെയാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായി കൊണ്ടുവരുന്നത്. എകെജി സെന്റര്‍ ബോംബ് ആക്രമണവും,തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്. ഡിവൈഎഫ്‌ഐയെ പ്രകോപിപ്പിച്ച് സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നു എന്ന് വരുത്തി തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഗൂഢാലോചന നടത്തുന്നതെന്ന് റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഫറഞ്ഞു.