Kerala

കേരള ബാങ്കിന്റെ ലാഭം 209 കോടിയായി ഉയര്‍ന്നു; റെക്കോര്‍ഡ് പ്രവര്‍ത്തന ലാഭം ഉള്‍പ്പടെയുള്ള റേറ്റിങ് പുറത്തു വിട്ടത് നബാര്‍ഡ്

കേരള ബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 209 കോടി രൂപയായി ഉയര്‍ന്നെന്ന് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയെ അറിയിച്ചു. രൂപീകരണത്തിന് ശേഷമുള്ള റെക്കോര്‍ഡ് പ്രവര്‍ത്തന ലാഭമാണിത്. കേരള ബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ റേറ്റിങ് ആണ് നബാര്‍ഡ് പുറത്തുവിട്ടത്. ഇത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി ഒഴിവുകള്‍ നികത്തുന്നടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. കേരള ബാങ്കില്‍ ഏകീകൃത ബാങ്കിങ് സോഫ്റ്റ്വെയര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതോടെ എല്ലാവിധ ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളും നിലവില്‍ ലഭ്യമാണ്. പ്രാഥമിക സംഘങ്ങളുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ്വെയറിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ വാര്‍ഷിക പരിശോധനയുമായി ബന്ധപ്പെട്ട സാധാരണ നടപടി ക്രമം മാത്രമാണ് റേറ്റിങിലുണ്ടായ മാറ്റം. 25 ലക്ഷത്തില്‍ അധികമുള്ള വ്യക്തിഗത വായ്പകളെ മാത്രമേ ഈ മാറ്റം ബാധിക്കൂ. ആകെ വായ്പയുടെ മൂന്ന് ശതമാനം മാത്രമാണിത്. കേരളത്തിലെ സഹകരണ സംഘങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രം മള്‍ട്ടി സൊസൈറ്റികള്‍ക്കും, നിധികള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതിനെതിരെ സഹകാരികളെ സംഘടിപ്പിച്ച് കേരളം പ്രതിരോധമുയര്‍ത്തി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 2023-24 സാമ്പത്തിക വര്‍ഷം നടത്തിയ നിക്ഷേപ സമാഹാരത്തിലൂടെ 1208 കോടി ലഭ്യമായി. 105 കാര്‍ഷിക സംഘങ്ങള്‍ക്ക് 201 കോടി രൂപ കാര്‍ഷിക വായ്പയായി നല്‍കാന്‍ സാധിച്ചിട്ടുണ്ട്. 12 ടണ്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്തു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സമയോജിതമായി കേരള ബാങ്കില്‍ ലയിക്കാതിരുന്നതാണ് ജീവനക്കാരുടെ സ്ഥാനക്കയറ്റമടക്കമുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയത്. ലയന ശേഷം ഇത് പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേരള ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നിലവില്‍ നല്‍കിവരുന്ന 48 ഇനം വായ്പകള്‍ക്ക് പുറമെ പുതുതായി ധാരാളം വായ്പാ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതായും മന്ത്രി പറഞ്ഞു.